തിരുവനന്തപുരം: പാലക്കാട് ഒയാസിസ് എന്ന കമ്പനിക്ക് ചട്ടവിരുദ്ധമായി ഡിസ്റ്റിലറി അനുവദിച്ചതിന് പിന്നാലെ കൃത്യമായ മാനദണ്ഡങ്ങള്‍ ഇല്ലാതെ 74 ബിയര്‍ വൈന്‍ ഷോപ്പുകള്‍ക്ക് അനുമതി നല്‍കി മറ്റൊരു വലിയ അഴിമതിക്ക് കളമൊരുക്കിയിരിക്കുകയാണ് സര്‍ക്കാരെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ‘ ഒരു അസാധാരണ വിജ്ഞാപനത്തിലൂടെയാണ് സംസ്ഥാനത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ 74 പുതിയ വൈന്‍ പാര്‍ലറുകള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യങ്ങൾ പരാമർശിച്ചിരിക്കുന്നത്. ടൂറിസം വികസനത്തിന്റെ പേരിലാണ് 74 പുതിയ ബിയര്‍ വൈന്‍ ഷോപ്പുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് അനുവദിക്കാനുള്ള മാനദണ്ഡങ്ങളോ അപേക്ഷകരുടെ യോഗ്യതകളോ ഒന്നും സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ലെന്നും സ്വന്തക്കാരായ ബാറുടമകള്‍ക്ക് ഈ പുതുതായി അനുവദിച്ച ബീയര്‍ പാര്‍ലറുകള്‍ വീതം വെച്ച് കൊടുക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
സര്‍ക്കാരിന്റെ കാലാവധി കഴിയാന്‍ ഒന്നരവര്‍ഷം മാത്രം ബാക്കി നില്‍ക്കെ സിപിഎമ്മിന് വന്‍തോതില്‍ ഫണ്ട് ഉണ്ടാക്കിയെടുക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഈ കടുംവെട്ട് നടത്തിയിരിക്കുന്നത്. ഇത് കടുംവെട്ട് എന്നല്ല അതുക്കും മേലെ എന്ന് തന്നെ പറയേണ്ടിവരും.കോടിക്കണക്കിന് രൂപയുടെ അസാധാരണമായ അഴിമതിക്കാണ് ഈ നടപടിയിലൂടെ സര്‍ക്കാര്‍ കളമൊരുക്കുന്നത്. ഡിസ്റ്റിലറി അനുവദിച്ച കാര്യത്തില്‍ സര്‍ക്കാരിന് വ്യക്തമായ മറുപടി പറയാനില്ലാതെ വട്ടം കറങ്ങുന്നതിനിടയ്ക്കാണ് മദ്യ വിപണിയെ ലക്ഷ്യമാക്കി കൊണ്ട് തന്നെ അടുത്ത വന്‍ അഴിമതിയുടെ വിത്ത് വിതച്ചിരിക്കുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.