
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച്, വിവിധ വകുപ്പുകൾ നടത്തിയ മുന്നൊരുക്കങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ഉദ്യോഗസ്ഥതല അവലോകന യോഗം ചേർന്നു. എല്ലാ വകുപ്പുകളും യോജിച്ച് സമയബന്ധിതമായി പ്രവൃത്തികൾ പൂർത്തീകരിക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച സബ് കളക്ടർ ആൽഫ്രഡ് ഒ.വി പറഞ്ഞു.
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ക്ഷേത്ര പരിസരങ്ങളിലും പ്രധാന വഴികളിലും പൊലീസിന്റെ നേതൃത്വത്തിൽ 179 സിസിടിവി ക്യാമറകൾ സ്ഥാപിക്കും. രണ്ട് നിരീക്ഷണ ടവറുകളും ആറ് ഡ്രോണുകളും സ്ഥാപിക്കുന്നുണ്ട്. ക്ഷേത്രപരിസരത്ത് പൊലീസിന്റെ പ്രധാന കൺട്രോൾ റൂം പ്രവർത്തിക്കും. ഇതിന് പുറമേ അഡീഷണൽ കൺട്രോൾ റൂമുകളും വനിതാ ഹെൽപ് ഡെസ്കും പ്രവർത്തിക്കും.
അന്നദാനം, വെടിവഴിപാട്, ക്ഷേത്ര ദർശനം, ആന എഴുന്നള്ളിപ്പ് എന്നിവിടങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനായി പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കും. പാർക്കിങ്ങിനായി 30 ഗ്രൗണ്ടുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇതിൽ 2000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനാകും.
പൊങ്കാല ദിവസം അന്നദാനം നടത്തുന്നവർക്ക് ഫുഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇതുവരെ 42 പേരാണ് സർട്ടിഫിക്കറ്റിനായി രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. വകുപ്പിന്റെ നേതൃത്വത്തിൽ സ്ക്വാഡിന്റെ പ്രവർത്തനവും സാമ്പിൾ പരിശോധനയും സജീവമാണ്.
പൊങ്കാലയ്ക്ക് ശേഷം കോർപ്പറേഷൻ ശേഖരിക്കുന്ന മാലിന്യങ്ങൾ ഈഞ്ചക്കൽ, പാപ്പനംകോട്, ചെറുവക്കൽ എന്നിവിടങ്ങളിലാണ് നിക്ഷേപിക്കുന്നത്. മാലിന്യങ്ങളിൽ തീപടർന്ന് അപകടം ഉണ്ടാകാതിരിക്കാൻ ഈഞ്ചക്കലും ചെറുവക്കലും ഫയർ എഞ്ചിനുകൾ സജ്ജീകരിക്കും.
പൊങ്കാലയ്ക്ക് ശേഷം നഗരം വൃത്തിയാക്കുന്നതിന് കോർപ്പറേഷന്റെ നേതൃത്വത്തിൽ 2000 തൊഴിലാളികളെയും 125 ഉദ്യോഗസ്ഥരെയും നിയോഗിക്കും. കുടിവെള്ളം വിതരണം ചെയ്യുന്നതിനും തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിനും നടപടി സ്വീകരിച്ചു. കോർപ്പറേഷന്റെ നേതൃത്വത്തിൽ രണ്ട് ഏജൻസികളെ തെരുവ് വിളക്ക് അറ്റകുറ്റപ്പണികൾക്കായി ഏൽപ്പിച്ചിട്ടുണ്ട്.
പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി അധിക സർവ്വീസുകൾ നടത്തു൦. 700 ബസ് സർവ്വീസുകൾ പൊങ്കാലയ്ക്കായി സജ്ജമാക്കും. ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തുന്ന ഭക്തർക്കായി ഏഴ് സ്പെഷ്യൽ ട്രെയിനുകൾ സർവ്വീസ് നടത്തുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.
ജില്ലാ ശുചിത്വ മിഷന്റെ ഹരിത പ്രോട്ടോക്കോൾ ക്യാമ്പയിന്റെ ഭാഗമായി കുട്ടികളെ ഉൾപ്പെടുത്തിയുള്ള ഗ്രീൻ ആർമി രൂപീകരിക്കുന്നുണ്ട്. മാത്രമല്ല, വിവിധ സ്ഥലങ്ങളിൽ ബോധവത്ക്കരണ ക്ലാസ്സുകളും ശുചിത്വമിഷന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്.
ഫയർ ആന്റ് റസ്ക്യൂ 112 ഉദ്യോഗസ്ഥരെ വിന്യസിക്കും. ഇതിൽ 29 പേർ വനിതകളാണ്. പൊങ്കാലയിടുന്ന സ്ഥലങ്ങളിൽ പ്രത്യേക പെട്രോളിങ്ങും കുടിവെള്ള വിതരണവും നടത്തും. കെ.എസ്.ഇ.ബി ഒൻപത് സെക്ഷനുകളിലെ പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടുണ്ട്. മാർച്ച് 4 മുതൽ 14വരെ 24 മണിക്കൂർ കൺട്രോൾ റൂമും പ്രവർത്തിക്കും.


