
തിരുവനന്തപുരം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ അഞ്ചു പുതിയ മിനിമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ നിർവഹിച്ചു. മണ്ഡലത്തിൽ ഉടനീളം 20 ഓളം ഹൈമാസ്റ്റ്, മിനിമാസ്സ് ലൈറ്റുകളാണ് സ്ഥാപിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഗ്രാമീണ മേഖലയിൽ ഇത്തരം വികസന പ്രവർത്തങ്ങൾക്ക് സർക്കാർ കൂടുതൽ ശ്രദ്ധ നൽകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി
മന്ത്രിയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്. അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്തിലെ താമരക്കുളം ദേവി ക്ഷേത്രം, പാച്ചിറ ആനൂർ പള്ളിക്ക് സമീപം, മുക്കിൽക്കട ജംഗ്ഷൻ, കക്കാട്ടുമഠം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കുന്നിനകം തമ്പുരാൻ ക്ഷേത്രം എന്നിവിടങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിച്ചത്.
പോത്തൻകോട് ഗ്രാമ പഞ്ചായത്തിലെ ഇടത്തറ വാർഡിൽ അരിയോട്ടുകോണം ശ്രീ തമ്പുരാൻ ക്ഷേത്രത്തിന് സമീപത്തായി സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റും മന്ത്രി ഉദ്ഘാടനം ചെയ്തു.
വിവിധയിടങ്ങളിലായി നടന്ന ഉദ്ഘാടന സമ്മേളനങ്ങളിൽ അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹരികുമാർ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജലീൽ, ഗ്രാമപഞ്ചായത്ത് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.


