
തിരുവനന്തപുരം: തിരുവനന്തപുരത്ത് പെട്രോള്‍ അടിക്കാനെത്തിയ യുവാവിനെ ക്രൂരമായി മര്‍ദിച്ച് മൂവര്‍സംഘം. വെള്ളനാട് കമ്പനിമുക്ക് പെട്രോൾ പമ്പിൽ വച്ചാണ് സംഭവം നടന്നത്. സംഭവത്തിൽ മൂന്നുപേരെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം നടന്നത്. കടുവാക്കുഴി സ്വദേശി മോനി എന്ന നിധിനെയാണ് മൂവർസംഘം ആക്രമിച്ചത്. പ്രതികൾ യുവാവിനെ ആക്രമിക്കാനുള്ള കാരണം വ്യക്തമല്ല.പമ്പിൽ പെട്രോൾ അടിക്കാൻ എത്തിയതായിരുന്നു യുവാവ്. ആ സമയം നിധിനെ ഇവർ ക്രൂരമായി ആക്രമിക്കുകയായിരുന്നു.
അടിയേറ്റ് തറയിൽ വീണ നിധിനെ അക്രമികൾ മുഖത്ത് ചവിട്ടുകയും അടിക്കുകയും ചെയ്തു. തുടർന്ന് ഇവർ സ്കൂട്ടറിൽ രക്ഷപ്പെട്ട് പോകുകയായിരുന്നു. എന്നാൽ ഈ സംഘത്തെ ആര്യനാട് വെച്ച് പൊലീസ് പിടികൂടി. ചാങ്ങ കുരിശടി സ്വദേശി രാഹുൽ, ചാങ്ങ കവിയാക്കോട് സ്വദേശി മനു, പഴയവീട്ടുമൂഴി ഗംഗാമല സ്വദേശി ശ്രീകുമാർ എന്നിവരെയാണ് പോലീസ് പിടികൂടിയത്.


