
തിരുവനന്തപുരം: കേരള ഫൈൻ ആർട്‌സ് കോളേജിലെ സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ മുന്നിൽ ക്യാമ്പസിലെ വെള്ളക്ഷാമം ശ്രദ്ധയിൽപ്പെടുത്തിയ വിദ്യാർത്ഥികൾക്ക് ആശ്വാസം.
കേരള ഫൈൻ ആർട്‌സ് കോളേജിലെ സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി ഡോ. ആർ.ബിന്ദുവും എം.എൽ.എ ആന്റണി രാജുവും വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ നേരിൽ കേൾക്കുകയും അവരെ സമാധാനിപ്പിച്ച് പ്രശ്നപരിഹാരം ഉണ്ടാകുമെന്നു ഉറപ്പുനൽകുകയും ചെയ്തു.
വെള്ളക്ഷാമം പരിഹരിക്കുന്നതിന് എം.എൽ.എ ഫണ്ടിൽ നിന്നും ആവശ്യമായ തുക അനുവദിക്കാമെന്നും എം.എൽ.എ ആന്റണി രാജു അറിയിച്ചു. പ്രപ്പോസൽ നൽകിയാൽ വേഗത്തിൽ തന്നെ എസ്റ്റിമേറ്റ് തയ്യാറാക്കി ഫണ്ട് നൽകുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്നും അറിയിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ ഫണ്ട് വിനിയോഗിച്ചും ജലക്ഷാമം പരിഹരിക്കുന്നതിനുള്ള പ്രവർത്തനം നടത്താൻ തയ്യാറാണെന്ന് മന്ത്രി ഉറപ്പ് നൽകിയതോടെ വിദ്യാർഥികൾക്ക് ആശ്വാസമായി.
വരും ദിവസങ്ങളിൽ ഡി.ടി,ഇ ,കോളേജ് യൂണിയൻ ഭാരവാഹികൾ , പ്രിൻസിപ്പൽ , പി .ടി .എ പ്രതിനിധികൾ, അധ്യാപക അനധ്യാപക പ്രതിനിധികൾ എന്നിവരെ വിളിച്ചു ചേർത്ത് കോളേജിന്റെ വികസനവും വിദ്യാർത്ഥികളുടെ ആവശ്യങ്ങളും സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ മന്ത്രിതലയോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
തുടർന്ന് കേരള ഫൈൻ ആർട്‌സ് കോളേജിലെ സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം മന്ത്രി നിർവ്വഹിച്ചു. വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണത്തെ മന്ത്രി ഉദ്ഘാടന വേളയിൽ അഭിനന്ദിച്ചു. സാമൂഹ്യബോധവും പ്രതികരണ ശേഷിയും ഉള്ളവരായാണ് നാളത്തെ കലാകാരന്മാരും കലാകാരികളും വളർന്നു വരേണ്ടതതെന്ന് മന്ത്രി പറഞ്ഞു.


