
കൊല്ലം: കൊല്ലം ഉളിയക്കോവിലില്‍ വിദ്യാര്‍ഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ പകയെന്നാണ് പ്രാഥമിക നിഗമനം.
പ്രതിയായ തേജസ് രാജ് ലക്ഷ്യമിട്ടത് ഫെബിന്റെ സഹോദരിയെ ആയിരുന്നെന്ന് പൊലീസ് പറഞ്ഞു. മറ്റൊരാളുമായി ഫെബിന്‍റെ സഹോദരിയുടെ വിവാഹം ഉറപ്പിച്ചതാണ് തേജസിനെ കൊല ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി എത്തിയത്.
കുപ്പിയിൽ പെട്രോളുമായിട്ടാണ് തേജസ് രാജ് പെൺകുട്ടിയുടെ വീട്ടിലെത്തിയത്. പെട്രോളൊഴിച്ച് കത്തിക്കാനായിരുന്നു പദ്ധതിയെന്നും പൊലീസ് പറഞ്ഞു. വീട്ടിലെത്തിയതിന് പിന്നാലെ ഫെബിന്റെ അച്ഛനുമായുള്ള വാക്കുതർക്കത്തിനിടെ തടയാനെത്തിയ ഫെബിനെ തേജസ് കുത്തുകയായിരുന്നു. തുടർന്നാണ് തേജസ് കാറുമെടുത്ത് പോയത്. അതിനു ശേഷം പ്രതി തേജസ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു.
കൊല്ലപ്പെട്ട ഫെബിൻ ജോർജിൻ്റെ സഹോദരിയും പ്രതി തേജസ് രാജും മുമ്പ് പ്രണയത്തിലായിരുന്നു. ഇരുവരുടെയും വിവാഹം ഉറപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇവർ വിവാഹത്തിൽ നിന്ന് പിന്മാറിയിരിയിരുന്നു. ഈ വൈരാഗ്യമാണ് കൃത്യം ചെയ്യാൻ നയിച്ചതെന്നാണ് വിവരം.


