
തിരുവനന്തപുരം: നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ടെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ.മുന്‍ ചീഫ് സെക്രട്ടറിയും തന്റെ ഭര്‍ത്താവുമായ വേണുവിന്റേയും തന്റേയും നിറവ്യത്യാസത്തെ തങ്ങളുടെ പ്രവര്‍ത്തനരീതികളുമായി ബന്ധപ്പെടുത്തി മോശം കമന്റ് കേള്‍ക്കേണ്ടി വന്നുവെന്നാണ് ശാരദ മുരളീധരൻ പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യങ്ങൾ പങ്കുവച്ചിരിക്കുന്നത്.
നിറത്തിന്റ പേരിലെ വിമർശനം നേരിട്ടെന്ന് ഇന്നലെയാണ് ശാരദ മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. അമ്മയുടെ ഗർഭപാത്രത്തിലേക്ക് മടങ്ങിപ്പോയി വെളുത്ത് സുന്ദരിയായി തിരിച്ചുവരാൻ സാധിക്കുമോ എന്ന് നാലാം വയസിൽ താൻ അമ്മയോടു ചോദിച്ചിട്ടുണ്ടെന്നും ശാരദ അനുസ്മരിക്കുന്നു.
കഴിഞ്ഞ 7 മാസം മുഴുവൻ എന്റെ മുൻഗാമിയുമായുള്ള ഇത്തരം താരതമ്യങ്ങളുടെ ഘോഷയാത്രയായിരുന്നതിനാൽ തനിക്കിപ്പോൾ അത് കേട്ട് ശീലവുമായെന്നു പറയാമെന്നും ശാരദ പറയുന്നു. കറുപ്പ് എന്ന നിറത്തെ ഇത്രത്തോളം മോശമായി കാണുന്നത് എന്തിനാണെന്നും കറുപ്പ് അത്രയും മനോഹരമായ നിറമാണെന്നും ചീഫ് സെക്രട്ടറി കുറിപ്പില്‍ പറയുന്നു.
കറുപ്പ് ഗംഭീരമെന്നും തന്റെ കറുപ്പിനെ ഉള്‍ക്കൊള്ളുകയും ആ നിറത്തെ ചേര്‍ത്തുപിടിക്കുകയും ചെയ്യുന്നുവെന്ന് ശാരദ മുരളീധരന്‍ ഫേസ്ബുക്കിലെഴുതി. പ്രപഞ്ചത്തിലെ സർവവ്യാപിയായ പൊരുളാണ് കറുപ്പ്. എന്തിനെയും ആഗിരണം ചെയ്യാൻ കഴിവുള്ളതാണു കറുപ്പ്. മാത്രമല്ല കറുപ്പിൽ സൗന്ദര്യമോ ഗുണമോ കാണാൻ തനിക്കു മടിയായിരുന്നുവെന്നും അതു തിരുത്തിയത് തന്റെ മക്കളാണെന്നും ശാരദ കൂട്ടിച്ചേർത്തു.


