
ഡൽഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസില്‍ പ്രതിയായ ഇന്ത്യന്‍ രത്നവ്യാപാരി മെഹുല്‍ ചോക്സി അറസ്റ്റിൽ. ഇന്ത്യയുടെ ആവശ്യത്തെ തുടര്‍ന്ന് ബെല്‍ജിയം പൊലീസാണ് മെഹുൽ ചോക്സിയെ അറസ്റ്റ് ചെയ്തത്. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നും 13500 കോടി തട്ടിയ കേസിലെ പ്രതിയാണ് മെഹുൽ ചോക്സി.
ശനിയാഴ്ച്ച രാത്രിയാണ് ഇയാളെ പോലീസ് പിടികൂടിയത്. നിലവില്‍ ഇയാള്‍ ജയിലിലാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ ഏജൻസികളുടെ അഭ്യർഥനയെ തുടർന്നാണ് ഇയാളെ ബെൽജിയം പോലീസ് പിടികൂടിയത്.
2018ലും 2021ലുമായി മുംബൈ കോടതി പുറപ്പെടുവിച്ച രണ്ട് അറസ്റ്റ് വാറണ്ടുകളുടെ അടിസ്ഥാനത്തിലാണ് ചോക്‌സിയെ പിടികൂടിയിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പ് കേസിന് പിന്നാലെ ഇന്ത്യയിൽ നിന്ന് രക്ഷപെട്ട മെഹുൽ ചോക്സി ബെൽജിയത്തിലുണ്ടെന്ന് നേരത്തെ റിപ്പോർട്ട് പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.


