
കൊച്ചി: നേര്യമംഗലം മണിയാമ്പാറയിൽ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് വൻ അപകടം. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു. ബസിനടിയിൽ കുടുങ്ങിയ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇടുക്കി കീരിത്തോട് സ്വദേശിനി അനീറ്റ ബെന്നി (14) ആണ് മരിച്ചത്. ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. 15 ഓളം പേർക്ക് പരുക്കുണ്ട്. ഇവരിൽ ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ഇന്ന് രാവിലെയോടെയാണ് അപകടം നടന്നത്. കട്ടപ്പനയിൽ നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് അപകടത്തിൽപ്പെട്ടത്.
റോഡ് സൈഡിലെ ക്രഷ് ബാരിയറിൽ ഇടിച്ചുകയറിയാണ് ബസ് മറിഞ്ഞത്. 10 അടി താഴ്ചയിലേക്ക് ബസ് പതിക്കുന്നതിനിടെ ബസിലെ മുൻ സീറ്റിൽ ഇരിക്കുകയായിരുന്ന പെൺകുട്ടി ഗ്ലാസ്സിലൂടെ തെറിച്ചുവീണ് ബസിനടിയിലാകുകയായിരുന്നു. തുടര്‍ന്ന് ക്രെയിൻ ഉപയോഗിച്ച് ബസ് ഉയര്‍ത്തിശേഷമാണ് പെണ്‍കുട്ടിയെ പുറത്തെത്തടുത്തത്.


