
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ. ലഹരിക്കേസിലാണ് നടനെ അറസ്റ്റ് ചെയ്തത്. ലഹരിമരുന്ന് ഉപയോഗിച്ചതിന്‍റെ തെളിവ് ലഭിച്ച പശ്ചാത്തലത്തിലാണ് കേസ് എടുത്തതെന്ന് പൊലീസ് അറിയിച്ചു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
എന്‍ ഡി പി എസിലെ 29 , 27 വകുപ്പ് പ്രകാരം കേസെടുത്തതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം ഷൈനിനെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. 10 മുതല്‍ 20 വര്‍ഷം വരെ തടവുകള്‍ ലഭിക്കാവുന്നതാണ് കുറ്റം.
ഷൈൻ്റെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഗൂഢാലോചന, ലഹരി ഉപയോഗം, ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കൽ, ഉപയോഗത്തിൽ പങ്കാളിയാകുക എന്നിവ അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. നഗരത്തിലെ പ്രധാന ഡ്രഗ് ഡീലറായ സജീറിനെ പരിചയമുണ്ടെന്ന് ഷൈൻ സമ്മതിച്ചിരുന്നു. കൂടാതെ, സജീറിന് 20,000 രൂപ നൽകിയതിന്‍റെ തെളിവുകളും പൊലീസിനു ലഭിച്ചിരുന്നു.


