
തിരുവനന്തപുരം: വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് സാമൂഹിക ധ്രുവീകരണം സൃഷ്ടിച്ച് അധികാരമുറപ്പിക്കുന്ന സംഘപരിവാർ വംശീയതയെ സഹോദര്യ രാഷ്ട്രീയം കൊണ്ടേ ചെറുക്കാനാവൂ എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി അഭിപ്രായപ്പെട്ടു. “നാടിൻ്റെ നന്മയ്ക്ക് നമ്മളൊന്നാകണം” എന്ന തലക്കെട്ടിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെ മുഴുവൻ ജില്ലകളിലൂടെയും കടന്നുപോകുന്ന സാഹോദര്യ കേരള പദയാത്രക്ക് തിരുവനന്തപുരത്ത് തുടക്കം കുറിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘ്പരിവാർ ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന സമത്വവും സാമൂഹ്യനീതിയും അട്ടിമറിക്കുകയാണ്. രാജ്യ ശില്പികൾ വിഭാവനം ചെയ്ത ബഹുസ്വരതയും സാംസ്കാരിക വൈവിധ്യവും നിലനിൽക്കുന്ന ഇന്ത്യയെ തകർക്കുകയാണ് ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ ലക്ഷ്യം. സമുദായങ്ങൾക്കിടയിൽ ഭിന്നതയും അനൈക്യവും സൃഷ്ടിച്ചാണ് ഫാഷിസം ഇന്ത്യയെന്ന ആശയത്തെ അട്ടിമറിക്കുന്നത്. മതജാതിഭേദമന്വേ സാഹോദര്യമെന്ന രാഷ്ട്രീയ മുദ്രാവാക്യവും സാമൂഹ്യ നീതിയെന്ന ലക്ഷ്യവും ഇന്ത്യൻ ജനത ഏറ്റെടുത്താലേ ഈ ധ്രുവീകരണ രാഷ്ട്രീയത്തെ മറികടുക്കാനാവു എന്നും അദ്ദേഹം പറഞ്ഞു.
ആയിരങ്ങളുടെ സാന്നിധ്യത്തിൽ ശനിയാഴ്ച വൈകീട്ട് നാലിന് കിഴക്കേകോട്ടയിലെ പുത്തരിക്കണ്ടം മൈതാനിയിൽ നിന്ന് ആരംഭിച്ച സാഹോദര്യ കേരള പദയാത്രക്ക് സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ നൽകിയ സ്വീകരണം ആവേശോജ്ജ്വലമായിരുന്നു. തലസ്ഥാന നഗരിയിലെ വികസനത്തിൽ കടുത്ത വിവേചനം നേരിടുന്ന കരിമഠം നിവാസികൾ നൽകിയ സ്വീകരണം ഏറെ ശ്രദ്ധേയമായിരുന്നു. നഗരത്തിലെ ഓട്ടോ തൊഴിലാളികൾ, കുഞ്ഞുങ്ങൾ, വ്യാപാരികൾ ഉൾപ്പെടെയള്ളവരും സ്വീകരണം നൽകി. വലിയ ജനക്കൂട്ടത്തിന്റെ അകമ്പടിയോടെ നടന്ന പദയാത്ര നാലു കിലോമീറ്റർ പിന്നിട്ട് പരവൻകുന്നിൽ സമാപിച്ചു.
പരവൻകുന്നിൽ നടന്ന പൊതുസമ്മേളനം ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ അധ്യക്ഷത വഹിച്ചു. കൂടംകുളം ആണവ വിരുദ്ധ സമര നേതാവ് എസ്.പി. ഉദയകുമാർ സാഹോദര്യ കേരള പദയാത്ര പതാക കൈമാറി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ഷഫീക്ക് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി പ്രേമ ജി. പിഷാരടി, എഫ്. ഐ. ടി. യു സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ, വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ഫായിസ കരുവാരക്കുണ്ട്, ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ, പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡന്റ് അസ്‍ലം ചെറുവാടി, അസെറ്റ് ചെയർമാൻ എസ്. ഖമറുദ്ദീൻ എന്നിവർ സംസാരിച്ചു.
വിവിധ ബഹുജന സംഘടന പ്രതിനിധകൾ, വെൽഫെയർ പാർട്ടി ജില്ലാ – മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ റസാഖ് പാലേരിക്ക് ഹാരാർപ്പണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഇർഷാദ് സ്വാഗതവും ജില്ല പ്രസിഡന്റ് നന്ദിയും പറഞ്ഞു. തിങ്കളാഴ്ച ചിറയിൻകീഴ്, വാമനപുരം മണ്ഡലങ്ങളിൽ റസാഖ് പാലേരിയുടെ പദയാത്ര സംഘടിപ്പിക്കും.


