
തിരുവനന്തപുരം: വ്‌ളോഗര്‍ മുകേഷ് എം നായര്‍ക്കെതിരെ പോക്‌സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് അർദ്ധനഗ്നയായി ഫോട്ടോയെടുത്ത് നവമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചെന്നാണ് കേസ്. ഒന്നര മാസം മുൻപാണ് സംഭവം നടന്നത്. 15 കാരിയായ കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഒന്നര മാസം മുൻപ് റീൽസ് ചിത്രീകരണത്തിനായി കുട്ടിയെ കോവളത്ത് കൊണ്ടുവന്നുവെന്നും പെൺകുട്ടിയെ നിർബന്ധിച്ച് അർദ്ധ നഗ്നയായി ഫോട്ടോയെടുത്ത് നവമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചുവെന്നും ചിത്രീകരണത്തിനിടെ ഇയാൾ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് സ്പർശിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. കോവളത്തെ റിസോർട്ടിൽ വച്ചാണ് റീലിസ് ചിത്രീകരണം നടന്നത്.
ഇക്കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ കോവളം പൊലീസ് മുകേഷ് നായര്‍ക്കെതിരെ പോക്സോ പ്രകാരം കേസെടുത്തിട്ടുണ്ട്. കൊല്ലം സ്വദേശിയായ പെൺകുട്ടിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി. സംഭവത്തെ തുടർന്ന് കുട്ടിക്ക് മാനസികമായ പ്രശ്നങ്ങളുണ്ടായെന്നും മാതാപിതാക്കൾ പറയുന്നു.


