spot_imgspot_img

മെഡിസെപ് കേരളത്തിന്റെ സഹജാവബോധത്തിന്റെയും സഹകരണത്തിന്റെയും ദൃഷ്ടാന്തം: മുഖ്യമന്ത്രി

Date:

spot_img

തിരുവനന്തപുരം: കേരളം ഉയര്‍ത്തിപ്പിടിക്കുന്ന സഹജാവബോധത്തിലും പരസ്പര സഹകരണത്തിലുമൂന്നിയ വികസനക്ഷേമ മാതൃകകളുടെ ദൃഷ്ടാന്തമാണു മെഡിസെപ് പദ്ധതിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തു സാര്‍വത്രിക ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള രണ്ടാമത്തെ പദ്ധതിയായ മെഡിസെപ്, രാജ്യത്ത് സാര്‍വത്രിക ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന ആദ്യ സംസ്ഥാനമെന്ന പദവിയിലേക്കു കേരളത്തെ എത്തിക്കുന്നതിനു കാരണമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന മെഡിസെപ് സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹ്യ സുരക്ഷ ഒരുക്കുന്നതിന്റെ വലിയ ഘടകമാണ് ആരോഗ്യ സുരക്ഷയെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രണ്ടാംനിര, മൂന്നാംനിര രോഗങ്ങളുടെ തോത് സംസ്ഥാനത്ത് ഉയര്‍ന്നു നില്‍ക്കുകയാണ്. ഇതുമൂലം ചികിത്സാ ചെലവിലും സ്വാഭാവിക വര്‍ധനവുണ്ടാകും. പൊതുജനാരോഗ്യ സംവിധാനം മികവുറ്റതാക്കിയാണു സര്‍ക്കാര്‍ ഇതിനെ നേരിടുന്നത്. ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകള്‍ക്ക് ആശ്വാസം ഉറപ്പുവരുത്തേണ്ടതും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്ത നിര്‍വഹണത്തിന്റെ ഭാഗമാണു മെഡിസെപ് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി. ക്ഷേമ പ്രവര്‍ത്തനങ്ങളില്‍നിന്നു സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നൊരു വാദഗതി ശക്തമായി ഉയരുന്നകാലമാണിത്. അതിന്റെ അലയൊലികള്‍ നമ്മുടെ രാജ്യത്തും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അതല്ല കേരളം നടപ്പാക്കുന്ന നയം. വ്യത്യസ്തമായ ബദല്‍ കേരളം പല രംഗത്തും നടപ്പാക്കുന്നുണ്ട്. ആരോഗ്യ സുരക്ഷാ മേഖലയിലും ആ ബദല്‍ നയംതന്നെയാണു സ്വീകരിച്ചിരിക്കുന്നത്.

പദ്ധതികളുടെ ഗുണഫലങ്ങള്‍ പരമാവധി ആളുകളിലേക്കെത്തിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആ കാഴ്ചപ്പാടോയൊണു മെഡിസെപ് പദ്ധിയും ആരംഭിക്കുന്നത്. തദ്ദേശസ്വയംഭരണം ഉള്‍പ്പടയുള്ള വിവിധ വകുപ്പുകളില്‍ ശുചീകരണ ജോലി ചെയ്യുന്ന പാര്‍ട്ട്‌ടെം ജീവനക്കാരെ മെഡിസെപ്പില്‍ അംഗങ്ങളാക്കിയിട്ടുണ്ട്. മെഡിക്കല്‍ റീഇംബേഴ്‌സമെന്റിന്റെ ആനുകൂല്യങ്ങള്‍ ഈ വിഭാഗത്തിന് ഇതുവരെ ലഭ്യമായിരുന്നില്ല. അരലക്ഷത്തിലേറെ ജീവനക്കാര്‍ക്കാണു പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. പൂര്‍ണമായും പണം ഒഴിവാക്കിയുള്ള ചികിത്സാ സൗകര്യമാണു മെഡിസെപ്പിലുള്ളത്. സംസ്ഥാനത്തിനുള്ളിലുള്ളതിനു പുറമേ സംസ്ഥാനത്തിനു പുറത്തെ പ്രധാന നഗരങ്ങളിലെ 15ല്‍പ്പരം ആശുപത്രികളില്‍ ഇപ്പോള്‍ ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും അവയവമാറ്റ ശസ്ത്രക്രിയ സൗകര്യമുള്ള ഒരു ആശുപത്രിയെങ്കിലും മെഡിസെപ്പിന്റെ ഭാഗമായുണ്ട്. മെഡിസെപ് നടപ്പില്‍വന്നതിനു ശേഷവും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഇപ്പോള്‍ ലഭിക്കുന്ന സൗജന്യ ഒപി ചികിത്സാ സഹായം തുടരും. നിലവിലുള്ള രീതിയില്‍ ഒപി ചികിത്സാ ബില്ലുകളും ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റും അടക്കമുള്ള രേഖകള്‍ ഹാജരാക്കിയാല്‍ ചെലവ് സര്‍ക്കാര്‍ മടക്കിനല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അടിയന്തര ഘട്ടങ്ങളില്‍ എംപാനല്‍ചെയ്യപ്പെട്ടിട്ടില്ലാത്ത ആശുപത്രികളിലും ഇന്‍ഷ്വറന്‍സ് സേവനം ലഭ്യമാക്കും. അവയവമാറ്റ ചകിത്സയ്ക്കു പ്രത്യേക തുക അനുവദിക്കും. ഇതിനായി 35 കോടി രൂപയില്‍ കുറയാത്ത കോര്‍പ്പസ് ഫണ്ട് രൂപീകരിക്കും. സര്‍ക്കാര്‍ ജീവക്കാരുടെ പങ്കാളി, അവരെ മാത്രം ആശ്രയിച്ചു കഴിയുന്ന അച്ഛനമ്മമാര്‍, മക്കള്‍ എന്നിവര്‍ക്കാണ് ഇന്‍ഷ്വറന്‍സിന് അര്‍ഹത. കുടുംബത്തിലെ മറ്റു സര്‍ക്കാര്‍ ജീവനക്കാരോ പെന്‍ഷന്‍ വാങ്ങുന്നവരോ ആശ്രിതരല്ല. ഇവര്‍ക്ക് പദ്ധതിയില്‍ ചേരാന്‍ പ്രത്യേകമായിത്തന്നെ അര്‍ഹതയുണ്ട്. മെഡിസെപ് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗമായവരുടെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഇന്‍ഷ്വറന്‍സ് ലഭ്യമാക്കുന്നതില്‍ പ്രായപരിധി ഏര്‍പ്പെടുത്തിയിട്ടില്ല. ഭിന്നശേഷി സൗഹൃദ സംസ്ഥാനമെന്ന നിലയിലേക്കുള്ള കേരളത്തിന്റെ മുന്നേറ്റം ഇത്തരം ചുവടുവയ്പ്പുകള്‍കൂടി ചേര്‍ന്നതാണ്.

ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും പ്രീമിയം തുക മുന്‍കൂറായി ഇന്‍ഷ്വറന്‍സ് കമ്പനിക്കു സര്‍ക്കാര്‍ നല്‍കിയാണു പദ്ധതി നടപ്പാക്കുന്നത്. ഈ തുക 12 ഗഡുക്കളായി ശമ്പളത്തില്‍നിന്നും പെന്‍ഷനില്‍നിന്നും തിരിച്ചുപിടിക്കും. പ്രതിമാസ വിഹിതം 500 രൂപയാണ്. പദ്ധതിക്കെതിരായുണ്ടായ എല്ലാ വെല്ലുവിളികളേയും തരണംചെയ്താണു മെഡിസെപ് യാഥാര്‍ഥ്യമാക്കുന്നത്. പദ്ധതിക്കെതിരേ അനാവശ്യ വിവാദങ്ങള്‍ ചില സ്ഥാപിതതാത്പര്യക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇവരെ ജനം സ്വാഭാവികമായും തള്ളിക്കളയും. ദുഷ്ടലാക്കോടെയുള്ള ഇത്തരം പ്രചാരണത്തില്‍ ആദ്യത്തേത് പ്രീമിയമായി നല്‍കുന്ന തുക സംബന്ധിച്ചാണ്. ഒരു വര്‍ഷം നല്‍കേണ്ട പ്രീമിയം 6000 രൂപയെന്ന സര്‍ക്കാര്‍ ഉത്തരവില്‍ ജിഎസ്ടി അടക്കം 5664 രൂപ മാത്രമേ കാണിച്ചിട്ടുള്ളൂ. ബാക്കി 336 രൂപ സര്‍ക്കാര്‍ തട്ടിച്ചെടുക്കുന്നതായാണ് ഉയര്‍ത്തിയ വാദഗതി. എന്നാല്‍ അധികം വരുന്ന 336 രൂപ മെഡിസെപ്പിന്റെ ഭാഗമായി രൂപീകരിക്കുന്ന കോര്‍പ്പസ് ഫണ്ടിലാണു പോകുന്നത്. ഇതുപയോഗിച്ചാണു 12 മാരക രോഗങ്ങള്‍ക്കും അവയവവമാറ്റം ഉള്‍പ്പെടെയുള്ള ചികിത്സകള്‍ക്കും അധിക പരിരക്ഷ നല്‍കുന്നത്. സര്‍ക്കാര്‍ ഒരു രൂപപോലും പ്രീമിയം നല്‍കുന്നില്ലെന്നതാണ് അടുത്ത ആരോപണം. പക്ഷേ സര്‍ക്കാരിന്റെ ഗ്യാരന്റിയെക്കുറിച്ച് ശബ്ദിക്കുന്നില്ല. പ്രതിവര്‍ഷം മൂന്നു ലക്ഷം രൂപ കവറേജിനു പുറമേ അവയവമാറ്റ ചികിത്സയ്ക്കും മറ്റും സഹായം ലഭ്യമാക്കുന്ന പദ്ധതി 6000 രൂപ പ്രീമീയത്തില്‍ നടപ്പാക്കാന്‍ കഴിയുന്നുവെന്നത് സര്‍ക്കാര്‍ ഗ്യാരന്റിയുടെ വലിയ മൂല്യത്തിന്റ ഭാഗമാണ്. ഈ വസ്തുത മറച്ചുവച്ചാണ് അടിസ്ഥാനരഹതിമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

മെഡിസെപ്പില്‍ നല്‍കുന്ന തുകയുടെ മൂന്നിരട്ടി നല്‍കിയാലും സ്വകാര്യ ഇന്‍ഷ്വറന്‍സ് കവറേജില്‍ മെഡിസെപ്പിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കില്ല. മെഡിസെപ് ഒരു സര്‍ക്കാര്‍ പദ്ധതിയാണെന്നതണ് ഇതിനു കാരണം. ഗ്രൂപ്പ് ഇന്‍ഷ്വറന്‍സായി നടപ്പാക്കുന്നതിനാലാണു സമാനതകളില്ലാത്ത ആനുകൂല്യങ്ങള്‍ ചെറിയ പ്രീമിയത്തില്‍ ലഭിക്കുന്നത്. മെഡിസെപ്പിന്റെ ഭാഗമാകാന്‍ ഒരു നിയന്ത്രണവുമില്ലെന്നതും പ്രത്യേകതയാണ്. സ്വകാര്യ മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പദ്ധതികളില്‍ പ്രായം മാനദണ്ഡമാണ്. 40 വയസ് കഴിഞ്ഞവര്‍ക്ക് അംഗത്വം ലഭിക്കണമെങ്കില്‍ ഉയര്‍ന്ന നിരക്കില്‍ പ്രീമിയം നല്‍കണം. 40 – 45 വയസിനു മുകളില്‍ പ്രീമെഡിക്കല്‍ ചെക്കപ്പ് അനിവാര്യമാണ്. സ്വകാര്യ ഇന്‍ഷ്വറന്‍സ് പദ്ധതി ഒരാളെ ഇന്‍ഷ്വറന്‍സ് പരിധിയില്‍നിന്ന് എങ്ങനെ ഒഴിവാക്കാമെന്നുനോക്കുമ്പോള്‍ വിപരീതമായാണു മെഡിസെപ് ചെയ്യുന്നത്. 90 വയസുള്ള പെന്‍ഷനറായാലും 20 വയസുള്ള ജീവനക്കാരനായും ഒരേ മാനദണ്ഡത്തില്‍ ഒറ്റ പ്രീമിയമായ പ്രതിമാസം 500 രൂപയ്ക്ക് പദ്ധതിയിലൂടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കും. ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും രാജ്യത്തിനു മാതൃകയാകുംവിധം മികച്ച ആനുകൂല്യങ്ങള്‍ നല്‍കുകയുമാണു സര്‍ക്കാര്‍ ചെയ്യുന്നത്. ജീവനക്കാരോടും അധ്യാപകരോടുമുള്ള സര്‍ക്കാരിന്റെ ഉന്നതമായ പ്രതിബദ്ധതയാണു മെഡിസെപ്പിലൂടെ വ്യക്തമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തെയോ ലോകത്തെയോ ഏറ്റവും ബൃഹത്തായ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായി മെഡിസെപ് മാറുകയാണെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ തുടങ്ങിയവരടക്കം 11.34 ലക്ഷം ആളുകള്‍ക്കു പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഇവരുടെ കുടുംബാംഗളടക്കം 35 ലക്ഷം ആളുകള്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ കിട്ടും. ചരിത്രത്തില്‍ ആദ്യമാണ് ഇത്ര ബൃഹത്തായ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുന്നത്. 1920 ചികിത്സാ വിധികള്‍ക്കാണ് മെഡിസെപ്പിലൂടെ പരിരക്ഷ കിട്ടുക. 15 സര്‍ജറി സ്‌പെഷ്യല്‍ പാക്കേജ്, 13 മെഡിക്കല്‍ സ്‌പെഷ്യല്‍ പാക്കേജ് എന്നിവയുമുണ്ട്. 2000 രൂപ വരെ റൂം സൗകര്യങ്ങളും കിട്ടും. അത്യാഹിത സന്ദര്‍ഭങ്ങളില്‍ എംപാനല്‍ഡ് അല്ലാത്ത ആശുപത്രികളിലും ചികിത്സാ സൗകര്യമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ മെഡിസെപ് രജിസ്ട്രേഷന്‍ കാര്‍ഡുകള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു. പദ്ധതിയുടെ വിവരങ്ങള്‍ അടങ്ങിയ ഹാന്‍ഡ് ബുക്കും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായ ജി.ആര്‍. അനില്‍, റോഷി അഗസ്റ്റിന്‍, എ.കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, വി. ശിവന്‍കുട്ടി, മേയര്‍ ആര്യ രാജേന്ദ്രന്‍, ധനവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിങ്, ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി (ഫിനാന്‍സ് റിസോഴ്‌സസ്) മുഹമ്മദ് വൈ. സഫിറുള്ള, ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ് കമ്പനി ജനറല്‍ മാനേജര്‍ ഗീത ശാന്തശീലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന...

ഭിന്നശേഷി കലോത്സവം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിലേയ്ക്ക്...

കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി

ജയ്പൂര്‍: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളത്തിന്...

നാടകാചാര്യൻ ഓംചേരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: പ്രശസ്ത നാടകാചാര്യൻ ഓംചേരി എൻ.എൻ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം...
Telegram
WhatsApp