കഴക്കൂട്ടം: പണം ആവശ്യപ്പെട്ട് ഗുണ്ടാ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. കണിയാപുരം പുത്തൻതോപ്പ് ലൗലാന്റിൽ നിഖിൽ (21) യാണ് ബുധനാഴ്ച വൈകുന്നേരം കണിയാപുരത്തു വച്ച് തട്ടിക്കൊണ്ടുപോയത്. മംഗലപുരം സ്വർണ്ണക്കവർച്ച കേസിലെ പ്രതികളടങ്ങിയ സംഘമാണ് നിഖിലിനെ തട്ടിക്കൊണ്ടുപോയത്. ഒളിയിടം കണ്ടെത്തിയ പോലീസ് നാടകീയമായാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.
ബൈക്കിൽ പോവുകയായിരുന്ന നിഖിലിനെ അഞ്ചംഗ സംഘം തടഞ്ഞു നിർത്തി ബലമായി തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഓടി രക്ഷപ്പെടാതിരിക്കാൻ സംഘങ്ങൾ നിഖിലിന്റെ വയറ്റിൽ പടക്കവും വാളും തിരുകി വച്ചാണ് കൊണ്ടുപോയത്. നിലവിളിച്ചാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി.
സ്വർണ്ണക്കവർച്ചക്കേസടക്കം നിരവധി കേസുകളിൽ പ്രതികളായ കണിയാപുരം പായ്ചിറ സ്വദേശികളായ ഷഫീഖ്, ഷമീർ എന്നിവരുടെ നേതൃത്വത്തിലാണ് തട്ടിക്കൊണ്ടുപോകൽ. ആദ്യം മൂന്നും പിന്നീട് അഞ്ച് ലക്ഷം രൂപയും ആവശ്യപ്പെട്ട് നിഖിലിനെ വിവിധ സ്ഥലങ്ങളിലെത്തിച്ച് ക്രൂരമായി മർദ്ദിച്ചു. വെട്ടുകത്തി, മഴു, വാൾ എന്നിവയുപയോഗിച്ചായിരുന്നു മർദ്ദനം. ശരീരത്തിൽ ലഹരി കുത്തിവച്ചതിന് ശേഷമായിരുന്നു മർദ്ദനം.
വ്യാഴായ്ച വൈകുന്നേരം അഞ്ചരയോടെ നിഖിലിന്റെ പിതാവ് നോർബെറ്റിനെ ഫോണിൽ വിളിച്ച് അഞ്ചു ലക്ഷം രൂപ ഉടൻ കഴക്കൂട്ടത്ത് എത്തിക്കണമെന്ന് പ്രതികൾ ആവശ്യപ്പെട്ടു. പണം കൊടുത്താൽ മാത്രമേ നിഖിലിനെ വിടുകയുള്ളൂ എന്നും പറഞ്ഞു. ഫോൺ വിളിക്കുന്നതിനിടെ നിഖിൽ അച്ചന് ലൊക്കേഷൻ ഷെയർ ചെയ്യുകയും ഫോണിന്റെ ജിപിഎസ് ഓണാക്കുകയും ചെയ്തു. തുടർന്ന് നിഖിലിന്റെ പിതാവ് കഴക്കൂട്ടം പോലീസിൽ വിവരമറിയിച്ചു.
മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സംഘങ്ങൾ മേനംകുളത്തിനടുത്ത് ഉണ്ടെന്ന് കഴക്കൂട്ടം പോലീസ് കണ്ടെത്തി. തുടർന്ന് സ്ഥലത്തെത്തിയ പോലീസിന് നേരെ ഗുണ്ടാസംഘങ്ങൾ ബോംബറിഞ്ഞു. തുടർന്നായിരുന്നു സംഘങ്ങൾ പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്.
കഴക്കൂട്ടം മേനംകുളം ഏലായിൽ ക്ഷേത്രത്തിനടുത്തുള്ള ഒഴിഞ്ഞ പുരയിടത്തിൽ ക്രൂര മർദ്ദനമേറ്റ നിലയിൽ നിഖിലിനെ കണ്ടെത്തി. സംഘത്തിൽ 12 പേർ ഉണ്ടായിരുന്നു എന്ന് നിഖിൽ മംഗലപുരം പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. നിഖിലിന്റെ ഇടതുകാലിൽ പൊട്ടലിന് പുറമെ ദേഹം മുഴുവനും കത്തിയും മഴുവും ഉപയോഗിച്ച് മുറിച്ചതിന്റെ പാടുകളും ഉണ്ട്. മംഗലപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് പ്രതികൾ നിഖിലിനെ തട്ടിക്കൊണ്ടുപോയത്. അതുകൊണ്ടുതന്നെ മംഗലപുരം പോലീസാണ് കേസ് അന്വേഷിക്കുന്നത്. നിഖിലിന്റെ കൈയിൽ ഉണ്ടായിരുന്ന 23,000 രൂപയും ഒരു മൊബൈൽ ഫോണും ബൈക്കും പ്രതികൾ കവർന്നു. സംഘത്തിലുള്ളവരെല്ലാം നിരവധി കേസുകളിൽ പ്രതികളാണ്.
കഴിഞ്ഞയാഴ്ച സമാന രീതിയിൽ അഞ്ചുതെങ്ങിലും ഇതേ സംഘം ഒരാളെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും തട്ടിക്കൊണ്ടുപോയത്. ഒരിടവേളയ്ക്ക് ശേഷം കഴക്കൂട്ടം, അഞ്ചുതെങ്ങ്, കഠിനംകുളം, മംഗലപുരം പ്രദേശങ്ങളിൽ വീണ്ടും ഗുണ്ടാ സംഘങ്ങൾ തലപൊക്കിയിരിക്കുകയാണ്.