മംഗലപുരം : പ്രതികളെ തിരഞ്ഞ് പോയ പോലിസിന് നേരെ നാടൻ ബോംബേറ്. കണിയാപുരത്ത് യുവാവിനെ തട്ടി കൊണ്ട് പോയി മർദ്ധിച്ച കേസിലെ പ്രതികളെ പിടികൂടാൻ എത്തിയ മംഗലപുരം പോലീസിന് നേരെയാണ് ബോംബേറ് നടന്നത്.പോലീസുകാർ രക്ഷപ്പെട്ടത് തലനാഴിയ്ക്കിടയിൽ . കണിയാപുരം പായ്ചിറ ഷെഫിഖ് മൻസിലിൽ സഹോദരങ്ങളായ ഷമീർ ,ഷഫീഖ് എന്നിവരുടെ വീട്ടിലെത്തിയപ്പോഴായിരുന്നു പോലീസിന് നേരെ നാടൻ ബോംബ് എറിഞ്ഞത്. ബോംബേറിന് പിന്നാലെ ഷമീറിന്റെ മാതാവ് പോലീസിന് നേരെ മഴുവും എറിഞ്ഞു.
തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഷമീറിനെയും മാതാവ് ഷീജയെയും മംഗലപുരം പോലീസ് കസ്റ്റഡിയിലെടുത്തു.ഷഫീഖും യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച മറ്റൊരു പ്രതിയായ രഞ്ജിത്തും ഓടിരക്ഷപ്പെട്ടു.പ്രതികളുടെ വീട്ടിൽ നിന്നും രണ്ട് നാടൻ ബോംബുകളും പോലീസ് കണ്ടെടുത്തു.എന്നാൽ പോലീസ് സ്റ്റേഷൻ സെല്ലിൽ വച്ച് പ്രതി ഷമീർ ബ്ലേഡ് ഉപയോഗിച്ച് കഴുത്തു മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.പരിക്കേറ്റ ഷമീറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാക്കിന്റെ അടിയിലായിരുന്നു ഷമീർ ബ്ലേഡ് സൂക്ഷിച്ചിരുന്നത്. ഷമീറിന്റെ പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് പറഞ്ഞു. ഷീജയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. നേരത്തെ കഞ്ചാവുകേസിലടക്കം പ്രതിയാണ് അറസ്റ്റിലായ ഷീജ എന്ന് പോലീസ് പറഞ്ഞു.