തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌പോര്‍ട്‌സ് ഹബ്ബില്‍ ഈ മാസം 15ന് നടക്കുന്ന അന്താരാഷ്ട്ര ഏകദിന മത്സരത്തില്‍ ഏറ്റുമുട്ടുന്ന ഇന്ത്യ, ശ്രീലങ്ക ടീമുകള്‍ തിരുവനന്തപുരത്തെത്തി. കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം ഏകദിന മത്സരത്തിനു ശേഷം എയര്‍ വിസ്താരയുടെ പ്രത്യേക വിമാനത്തില്‍ 13ന് വൈകിട്ട് നാലുമണിയോടെയാണ് ടീമുകള്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.
തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ രാജീവിന്റെ നേതൃത്വത്തില്‍ വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലില്‍ ടീമുകളെ സ്വീകരിച്ചു. സ്വീകരണത്തിനുശേഷം ഇന്ത്യന്‍ ടീം ഹോട്ടല്‍ ഹയാത്തിലേക്കും ശ്രീലങ്കന്‍ ടീം ഹോട്ടല്‍ താജ് വിവാന്തയിലേക്കും പോയി. ഇരു ടീമുകളും ശനിയാഴ്ച കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങും.
ഉച്ചയ്ക്ക് ഒരു മണിമുതല്‍ നാലുമണിവരെ ശ്രീലങ്കന്‍ ടീമും അഞ്ചു മണിമുതല്‍ എട്ടുമണിവരെ ഇന്ത്യന്‍ ടീമും പരിശീലനം നടത്തും. 15ന് ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. രാവിലെ 11.30 മുതല്‍ കാണികള്‍ക്ക് ഗ്രൗണ്ടിലേക്ക് പ്രവേശനം അനുവദിക്കും.
പേടിഎം ഇന്‍സൈഡറില്‍ നിന്നും ഓണ്‍ലൈനായി മത്സരത്തിന്റെ ടിക്കറ്റുകള്‍ ലഭ്യമാകും. അപ്പര്‍ ടയറിന് 1000 രൂപയും (18% ജിഎസ്ടി, 12% എന്റര്‍ടൈയിന്‍മെന്റ് ടാക്‌സ് എന്നിവ ബാധകമാണ്) ലോവര്‍ ടിയറിന് 2000 രൂപയുമാണ് (18% ജിഎസ്ടി, 12% എന്റര്‍ടൈയിന്‍മെന്റ് ടാക്‌സ് എന്നിവ ബാധകമാണ്) ടിക്കറ്റ് നിരക്ക്. വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയാണ് നിരക്ക് (18% ജിഎസ്ടി, 12% എന്റര്‍ടൈയിന്‍മെന്റ് ടാക്‌സ് എന്നിവ ബാധകമാണ്). വിദ്യാര്‍ഥികള്‍ക്കുള്ള ടിക്കറ്റുകള്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഖേനയാണ് വാങ്ങേണ്ടത്.
വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ലെറ്റര്‍ ഹെഡില്‍ ടിക്കറ്റ് ആവശ്യമുള്ള വിദ്യാര്‍ത്ഥികളുടെ പേരും ഐഡി നമ്പറും അടക്കം ഉള്‍പ്പെടുത്തി കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെടണം.