തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നാളെ (15ന് ) നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയതായി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ 800 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് ശക്തമായ സുരക്ഷ ഒരുക്കുന്നത്.
13 ഡിവിഷനുകളായി തിരിച്ചാണ് സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ ഡിവിഷൻറെയും ചുമതല അസിസ്റ്റന്റ് കമ്മീഷണർമാർക്കും, സി.ഐ.മാർക്കുമായിരിക്കും. 10 ഡി.വൈ.എസ്.പിമാരുടേയും 17 സി.ഐമാരുടേയും 63 എസ്.ഐമാരുടേയും നേതൃത്വത്തിലാണ് സ്റ്റേഡിയത്തും പരിസരങ്ങളിലുമായി 800 മുതൽ 6300 പോലീസ് വിന്യസിച്ചിരിക്കുന്നത്.
തിരുവനന്തപുരം സിറ്റി പോലീസിന് പുറമെ ആംഡ് പോലീസ് ബറ്റാലിയനുകളിൽ നിന്നുളള പോലീസ് ഉദ്യോഗസ്ഥരും, സ്റ്റേറ്റ് പോലീസ് കമാൻഡോ സംഘം, ബോംബ് സ്ക്വാഡ് എന്നീ വിഭാഗങ്ങളും സുരക്ഷാ ഡ്യൂട്ടിയുടെ ഭാഗമായി ഉണ്ടാകും. കൂടാതെ മഫ്‌തി പോലീസ് സംഘത്തേയും സ്റ്റേഡിയത്തിന് അകത്തും പുറത്തും നിയോഗിച്ചിട്ടുണ്ട്. അതോടൊപ്പം ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ ക്രിക്കറ്റ് താരങ്ങൾ താമസിക്കുന്ന ഗ്രാൻഡ് ഹയാത്തും, താജ് വിവാന്തയും മുതൽ മത്സരം നടക്കുന്ന സ്റ്റേഡിയം വരെയുളള പ്രധാന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് 10 സ്പെഷ്യൽ സ്ട്രൈക്കർ ഫോഴ്സുകളും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ക്രിക്കറ്റ് താരങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും സജ്ജമാക്കിയിട്ടുണ്ട്.
രാവിലെ 10.30 മുതൽ മാത്രമേ കാണികൾക്ക് സ്റ്റേഡിയത്തിനുളളിൽ പ്രവേശനം അനുവദിക്കുകയുളളു. മത്സരം കാണാൻ വരുന്നവർ പാസ്സിനോടൊപ്പം തിരിച്ചറിയൽ കാർഡും കരുതേണ്ടതാണ്. പ്ലാസ്റ്റിക് കുപ്പി, മദ്യക്കുപ്പി, വടി, കൊടിതോരണങ്ങൾ, കുട, കറുത്ത കൊടി, എറിയാൻ പറ്റുന്നതായ സാധനങ്ങൾ, പടക്കം, ബീഡി,സിഗരറ്റ് തീപ്പട്ടി തുടങ്ങിയ സാധനങ്ങൾ സ്റ്റേഡിയത്തിനുളളിൽ കൊണ്ടു കയറുവാൻ അനുവദിക്കുന്നതല്ല. കളി കാണാൻ വരുന്നവർക്ക് മൊബൈൽ ഫോൺ മാത്രമെ അകത്തേയ്ക്ക് കൊണ്ട് പോകാൻ അനുവദിക്കുകയുളളു. മദ്യപിച്ചോ മറ്റ് ലഹരി ഉപയോഗിച്ചോ എത്തുന്നവരെ ഒരു കാരണവശാലും സ്റ്റേഡിയത്തിനുളളിൽ പ്രവേശിപ്പിക്കുന്നതല്ല. കൂടാതെ, ഭക്ഷണസാധനങ്ങളും വെളളവും പുറത്ത് നിന്നും കൊണ്ടു വരാൻ അനുവദിക്കുന്നതല്ല. ഭക്ഷണസാധനങ്ങൾ കാണികളുടെ ഇരിപ്പിടത്തിന് അടുത്തായി തന്നെ ലഭ്യമാകുന്നതാണ്.
ഗതാഗതക്രമീകരണങ്ങളും വാഹന പാർക്കിംഗും
ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ വിപുലമായ ഗതാഗത ക്രമീകരണങ്ങൾ വാഹനങ്ങൾ വഴി തിരിച്ചു വിടുന്ന വിധം ഏർപ്പെടുത്തിയിട്ടുള്ളതാണ്.
പാങ്ങപ്പാറ മുതൽ കഴക്കൂട്ടം വെട്ടുറോഡ് വരെയുള്ള പ്രധാന റോഡിന്റെ ഇരുവശങ്ങളിലും കാര്യവട്ടം ജംഗ്ഷൻ മുതൽ പുല്ലാന്നിവിള വരെയുള്ള റോഡിലും ഇടറോഡുകളിലും, ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുകയില്ല.
ആറ്റിങ്ങൽ ഭാഗത്തു നിന്നും ശ്രീകാര്യം, മെഡിക്കൽ കോളേജ് ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങൾ വെട്ടുറോഡ് നിന്നും തിരിഞ്ഞ് ചന്തവിള കാട്ടായിക്കോണം ചെമ്പഴന്തി ശ്രീകാര്യം വഴിയും ചെറിയ വാഹനങ്ങൾ കഴക്കൂട്ടം ബൈപ്പാസ് -മുക്കോലയ്ക്കൽ വഴി പോകേണ്ടതാണ്. കൂടാതെ കിഴക്കേകോട്ട കോവളം, പാപ്പനംകോട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ വെട്ടു റോഡ് നിന്നും കഴക്കൂട്ടം ഫ്ലൈ ഓവർ, ചാക്ക, ഈഞ്ചക്കൽ വഴി പോകേണ്ടതാണ്.
ശ്രീകാര്യം ഭാഗത്ത് നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ ചാവടിമുക്ക് മൺവിള-കുളത്തൂർ വഴി ബൈപ്പാസിലെത്തി കഴക്കൂട്ടം ഫ്ലൈ ഓവർ വഴി ആറ്റിങ്ങൽ പോകേണ്ടതാണ്.
വാഹന പാർക്കിംഗ് ക്രമീകരണങ്ങൾ
ഇരുചക്ര വാഹനങ്ങൾ സ്റ്റേഡിയത്തിന്റെ മെയിൻ ഗേറ്റിൽ പുറകുവശത്ത് ക്രമീകരിച്ചിരിക്കുന്ന സ്ഥലത്തും, ടിക്കറ്റ് കാണിച്ച് അകത്തേക്ക് പ്രവേശിച്ച്, അവിടെ ക്രമീകരിച്ചിരിക്കുന്ന പാർക്കിംഗ് ഏരിയകളിലും, കഴക്കൂട്ടം റോഡിലെ മുസ്ലീം പള്ളിക്ക് സമീപവും പാർക്ക് ചെയ്യാവുന്നതാണ്. കൂടാതെ കാറുകൾ പാർക്ക് ചെയ്യാനായി, കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാംപസ്, കാര്യവട്ടം ഗവൺമെന്റ് കോളെജ്, എൽ.എൻ.സി.പി. ഇ ഗ്രൗണ്ട്, കാര്യവട്ടം ബിഎഡ് സെന്റർ ഗ്രൗണ്ട് എന്നിവിടങ്ങളിൽ സൗകര്യം ഏർപ്പാടിക്കിയിട്ടുണ്ട്. കെ.എസ്.ആർ.റ്റി.സി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കാര്യവട്ടം ക്യാംപസിന് 50 മീറ്ററിന് മുൻപായി പാങ്ങപ്പാറ ആളുകളെ ഇറക്കിയ ശേഷം പോകേണ്ടതാണ്.
കഴക്കൂട്ടം മുതൽ ശ്രീകാര്യം വരെയും, കാര്യവട്ടം ജംഗ്ഷൻ മുതൽ കുരിശ്ശടി ജംഗ്ഷൻ വരെയുമുള്ള റോഡിന് ഇരു വശങ്ങളിലും, ഇടറോഡുകളിലും വാഹങ്ങൾക്ക് യാതൊരു കാരണവശാലും പാർക്കിംഗ് അനുവദിക്കുന്നതല്ല. പാർക്കിംഗിനായി അനുവദിച്ച സ്ഥലങ്ങളിൽ അല്ലാതെ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ
പോലീസ് റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ് അറിയിച്ചു.
ക്രിക്കറ്റ് മത്സരത്തിന്റെ സുഗമമായ നടത്തിപ്പിനായി സിറ്റി പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന സുരക്ഷാക്രമീകരണങ്ങളോടും ഗതാഗതക്രമീകരണങ്ങളോടും പൊതുജനങ്ങൾ സഹകരിക്കണമെന്നും നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും, ട്രാഫിക് സംബന്ധമായ നിർദ്ദേശങ്ങളും പരാതികളും 9497987001, 9497987002 എന്നീ നമ്പരുകളിൽ പൊതുജനങ്ങൾക്ക് അറിയിക്കാവുന്നതാണെന്നും സിറ്റി പോലീസ് അറിയിച്ചു.