നെടുമങ്ങാട്: വന്യമൃഗശല്യം തടയുന്നതിന് നെടുമങ്ങാട് കാർഷിക ബ്ലോക്കിൽ 40 ലക്ഷം രൂപ അനുവദിച്ചതായി കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. കൃഷിദർശൻ പരിപാടിയുമായി ബന്ധപ്പെട്ട് നടത്തിയ കാർഷിക അദാലത്തിൽ കർഷകരുടെ പരാതികൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.
കാർഷിക അദാലത്തിൽ ആകെ 37 പരാതികൾ ലഭിച്ചു. അതിൽ 14 എണ്ണം വേദിയിൽ തന്നെ പരിഹരിച്ചു. ബാക്കിയുള്ളവ സമയബന്ധിതമായി തീർപ്പാക്കും. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന്റെയും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിലിന്റെയും നേതൃത്വത്തിലായിരുന്നു അദാലത്ത്.
മന്ത്രിമാരെ നേരിട്ട് കണ്ട് പരാതി നൽകാൻ നിരവധി പേരാണ് എത്തിയത്. നിവേദനങ്ങളും പരാതികളും വേദിയിൽ തന്നെ പരിഹരിക്കപ്പെട്ടത് കർഷകർക്ക് ഏറെ ആശ്വാസമായി. ആനയറ അന്താരാഷ്ട്ര മാർക്കറ്റിലെ പ്രശ്നങ്ങൾ, കൃഷിനാശം, മൃഗശല്യം തുടങ്ങിയ നിരവധി പ്രശനങ്ങളാണ് കർഷകർ ഉന്നയിച്ചത്. ജീവനും കൃഷിക്കും ഭീഷണിയായ കുരങ്ങുകളെ കൂട്ടിലാക്കി കാട്ടിലെത്തിക്കാനും അദാലത്തിൽ തീരുമാനമായി. കരകുളം കൃഷിഭവന്റെ ഒരു സബ്സെന്റർ വട്ടപ്പാറയിൽ ആരംഭിക്കുന്നതിനും ഉത്തരവായി. കരകുളം കൃഷിഭവനിലെ ഉദ്യോഗസ്ഥരുടെ സേവനം ആഴ്ചയിൽ രണ്ടു ദിവസം ലഭ്യമാക്കാനും അദാലത്തിൽ തീരുമാനിച്ചു.
നെടുമങ്ങാട് ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ ജനപ്രതിനിധികൾ, തഹസിൽദാർമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.