വയനാട്: പ്രധാന മന്ത്രി നരേന്ദ്ര മോദി തന്നെ വ്യക്തിപരമായി അതിക്ഷേപിച്ചുവെന്നു രാഹുൽ ഗാന്ധി. അദാനി-മോദി വിഷയത്തിൽ പാർലമെന്‍റിൽ പറഞ്ഞതെല്ലാം സത്യമാണെന്നും അദാനിക്കായി മോദി ചട്ടങ്ങൾ മറികടക്കുകയാണെന്നും മോദിയുടെ വിദേശയാത്രയിലെല്ലാം അദാനി അനുഗമിക്കുകയാണെന്നും രാഹുൽ പറഞ്ഞു. വയനാട്ടിലെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വിമാനത്താവളങ്ങളെല്ലാം അദാനി വാങ്ങിക്കുന്നതെങ്ങനെയെന്നു ചോദിച്ച രാഹുൽ പ്രധാനമന്ത്രിയുമായുള്ള ബന്ധമാണ് ഇതിനടിസ്ഥാനമെന്നും ആരോപിച്ചു. താൻ പാർലമെന്‍റിൽ പറഞ്ഞതെല്ലാം വസ്തവമായ കാര്യങ്ങളാണ്, ആരേയും അധിക്ഷേപിച്ചിട്ടില്ല. എന്നാൽ എന്റെ പ്രസംഗങ്ങൾ ഭൂരിഭാഗവും രേഖകളിൽനിന്നു നീക്കം ചെയ്തു. അദാനിക്ക് വേണ്ടി ചട്ടങ്ങൾ മറികടക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തന്‍റെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനു പകരം പ്രധാനമന്ത്രി തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് ചെയ്തത്. എന്നാൽ ആ പ്രസംഗം പാർലമെന്‍റിൽ നിന്നും നീക്കം ചെയ്തിട്ടില്ല, സത്യം എത്രകാലം കഴിഞ്ഞാലും പുറത്തു വരും, മോദിയുടെ വിചാരം എല്ലാവർക്കും അദ്ദേഹത്തെ ഭയമാണെന്നാണ്. എന്നാൽ തനിക്ക് അദ്ദേഹത്തെ യാതൊരു ഭയവുമില്ലെന്നും രാഹുൽ പറഞ്ഞു. ഞങ്ങളുടെ രണ്ടാളുടെയും ശരീര ഭാഷ കണ്ടാലറിയാം ആരുടെ ഭാഗത്താണ് സത്യം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഫർസോൺ ആശങ്കകൾ പരിഹരിക്കണമെന്നും വന്യജീവി പ്രശ്നത്തിൽ സംസ്ഥാന സർക്കാരുകൾ മതിയായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.