-സബിത രാജ്-
പ്രണയം….. രണ്ടു ഹൃദയങ്ങൾ ഒറ്റനൂലിൽ കോർത്തോരു സ്നേഹസ്പർശം. അതുമല്ലങ്കിൽ രണ്ടു വ്യക്തികൾ പരസ്പ്പരം അഗാധമായി സ്നേഹിക്കപ്പെടുക, സ്നേഹിക്കുക. പ്രണയത്തിനു അങ്ങനെ ഒരു നിർവചനം ഉണ്ടോ? അറിയില്ല. പക്ഷെ മനസ്സിനെ അത്രമേൽ ആഴത്തിൽ തൊട്ടുകടന്നു പോകുന്ന ഒരു അനുഭൂതിയാണ് പ്രണയം.
പ്രണയത്തിന്റെ അവസാനവാക്ക് രതിയോ വിവാഹമോ ഒന്നുമല്ല. ഇനി, അങ്ങനെയാണ് എന്ന ധാരണവെച്ചു പുലർത്തുന്നവരെ തിരുത്താനും ഉദ്ദേശമില്ല. ഒരു പുഞ്ചിരിയോടെ ഓർക്കാൻ കഴിയുന്നതും,മടുപ്പില്ലാതെ സ്നേഹിക്കാൻ കഴിയുന്നതും, കാലമെത്ര കഴിഞ്ഞാലും മാറ്റമില്ലാതെ തുടരുന്നതുമായ എന്തോ ഒന്ന് നിങ്ങൾക്കിടയിൽ ഇന്നും അവശേഷിക്കുന്നുണ്ട്, എങ്കിൽ നിസംശയം അതിനെ പ്രണയം എന്ന് തന്നെ വിളിക്കാം. നഷ്ടപെട്ടതിനു ശേഷവും, അകന്നതിൽ പിന്നെയും ആ സ്നേഹം മാറ്റമില്ലാതെ നിങ്ങളിൽ ഉണ്ടെങ്കിൽ അതും പ്രണയം തന്നെയാണ്. ഇന്നും എന്നും സ്നേഹിക്കാൻ കഴിയുക… പ്രകടിപ്പിക്കാൻ കഴിയുക… അതൊക്കെ തന്നെ ആണ് പ്രണയത്തെ അനശ്വരമാക്കുന്നത്.
തമ്മിൽ ഓർത്തുവെച്ച് കേൾക്കാൻ ഒരു പാട്ടെങ്കിലും ബാക്കി വെയ്ക്കാത്ത പ്രണയങ്ങൾ ഭൂമിയിൽ ഉണ്ടോയെന്ന് തന്നെ അറിയില്ല.ഇതൊക്കെ തന്നെയാണ് മനുഷ്യനെ പ്രണയത്തിന്റെ ഒഴുക്കിലേക്ക് കൈപിടിക്കുന്നതും. “അത്രമേൽ മനോഹമരമായതിനെയൊക്കെ അതിമനോഹരമാക്കി വെക്കുകഎന്ന് തന്നെ ആണ് പ്രണയം പറയുന്നതും. കാലങ്ങൾ മാറി മാറി പ്രണയത്തിന്റെ നശ്വരത എവിടെയോ നഷ്ടപെട്ടെന്ന് പറയുമ്പോഴും പ്രണയം ജീവനെടുക്കുമ്പോഴും മരിച്ചു പോകുന്നൊരു പ്രണയത്തെ വേദനയോടെ കണ്ടു നിൽക്കുന്നൊരു സമൂഹം ഇന്നുണ്ട്.
ഓരോ പ്രണയദിനങ്ങളും ഓർത്തെടുക്കുന്ന കാമുകി/കാമുകന്റെ മുഖം എന്നും അങ്ങനെ തന്നെ നിലനിൽക്കട്ടെ. തമ്മിൽ വേദന പങ്കിടാതെ എന്നും മധുരമുള്ള അനുഭൂതിയായി പ്രണയം നിങ്ങളിൽ കുടി കൊള്ളട്ടെ. അല്പം പൈങ്കിളിയാവാത്ത പ്രണയമില്ലെന്ന് അറിയുക. തമ്മിൽ ചുംബിക്കാനും കെട്ടിപിടിക്കാനും ഒന്നിച്ചു ചേരാനും ഇനിയും പ്രണയം ഒരുപാടു ഓർമ്മകൾ സമ്മാനിക്കട്ടെ എന്നാശംസിച്ചുകൊണ്ട്…
പ്രണയിക്കുന്നവർക്കും പ്രണയിച്ചുകൊണ്ടിരിക്കുന്നവർക്കും … പ്രണയം നിറച്ച ഓർമ്മകളിൽ ജീവിക്കുന്നവർക്കും പ്രണയദിനാശംസകൾ.