തിരുവനന്തപുരം: മന്ത്രി സജി ചെറിയാന് ഔദ്യോഗിക വസതി അനുവദിച്ചു. ഔദ്യോഗിക വസതിക്കായി സർക്കാർ മന്ദിരങ്ങൾ ഒഴിവില്ലാത്ത സാഹചര്യത്തിൽ ആഡംബര വസതി വാടകയ്ക്കെടുക്കുകയാണ് ചെയ്തത്. തിരുവനന്തപുരം തൈക്കാട് വില്ലെജിലുള്ള ഈശ്വര വിലാസം റസിഡന്റ്സ് അസോസിയേഷനിലെ 392ാം നമ്പർ ആഡംബര വസതിയാണ് സജി ചെറിയാനു താമസത്തിനായി സർക്കാർ വാടകയ്ക്കെടുത്തത്.
പ്രതിമാസ വാടക 85,000 രൂപയാണ്. വൈദ്യുതി ചാർജ്, വാട്ടർ ചാർജ് എന്നിവ പുറമേ. വീടിന്റെ മോടി പിടിപ്പിക്കൽ ടൂറിസം വകുപ്പ് ഉടൻ നടത്തും. ഇതിനു വേണ്ടിയും ലക്ഷങ്ങൾ ചെലവു വരുമെന്നാണ് റിപ്പോർട്ട്. ഔട്ട് ഹൗസ് ഉൾപ്പെടെ വിശാല സൗകര്യമുള്ള വസതിയാണിത്. 10.20 ലക്ഷം രൂപയോളമാണ് ഒരു വർഷത്തെ വാടക ഇനത്തിൽ മാത്രം ചിലവാകുക.
ഭരണഘടനാ വിരുദ്ധ പ്രസ്താവനയെ തുടർന്ന് മന്ത്രിസ്ഥാനം രാജിവച്ച ശേഷം സജി ചെറിയാന് ഉപയോഗിച്ചിരുന്ന ഔദ്യോഗിക വസതിയായ കവടിയാര്‍ ഹൗസ് മന്ത്രി വി. അബ്ദുറഹ്മാന് അനുവദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വാടകയ്ക്ക് വീടെടുത്തതെന്നാണ് സർക്കാർ വിശദീകരണം.