ആലപ്പുഴ: ഇസ്രയോലിൽ കൃഷി പഠിക്കാൻ പോയ കർഷകൻ മുങ്ങിയത് ബോധപൂർവ്വമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ബിജു കുര്യൻ എന്ന കർഷകൻ ചെയ്തത്. സർക്കാരിനെ പ്രതിന്ധിയിലാക്കിയെന്നും നല്ല ഉദ്ദേശത്തോടെയാണ് കർഷക സംഘത്തെ ഇസ്രയേലിലേക്ക് അയച്ചതെന്നും സംഘം തിരിച്ചെത്തിയ ശേഷം നിയമനടപടികളെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
ബിജു കുര്യൻ കണ്ണൂർ ഇരട്ടി സ്വദേശിയാണ്. ഇയാൾ വെള്ളിയാഴ്ച രാത്രി താമസിച്ചിരുന്ന ഹോട്ടലിൽ നിന്നാണ് മുങ്ങികയത്. ഇസ്രായേലിലേക്ക് 27 കർഷകരാണ് പോയത്. രാത്രി ഭക്ഷണം ക്രമീകരിച്ചിരുന്ന ഹോട്ടലിലേക്ക് പോകുവാനുള്ള വണ്ടിയിൽ ബിജു കയറിയില്ലെന്നും പെട്ടെന്ന് കാണാതാവുകയായിരുന്നുവെന്നാണ് വിവരം. തുടർന്ന് സംഘം ഇസ്രയേൽ പൊലീസിലും ഇന്ത്യൻ എംബസിയിലും പരാതി നൽകി കേരളത്തിലേക്ക് മടങ്ങുകയായിരുന്നു.
ബിജു ഇതിനിടെ കുടുംബവുമായി ബന്ധപ്പെട്ടു. താൻ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കണ്ടെന്നും ഭാര്യയക്ക് വാട്സ് ആപ് സന്ദേശം അയച്ചിരുന്നു. എന്തുകൊണ്ടാണ് തിരിച്ചുവരുന്നില്ലെന്ന് ബിജു പറഞ്ഞതെന്ന് കുടുംബത്തിന് അറിയില്ല.