തിരുവനന്തപുരം: ചക്രക്കസേരയിലെ ജീവിതം പ്രതീക്ഷകളുടെ അവസാനമല്ലെന്ന് തെളിയിച്ച ഉശിരന്‍ പ്രകടനവുമായി ബാംഗ്ലൂരിലെ മിറാക്കില്‍ ഓണ്‍ വീല്‍സ് സമ്മോഹന്‍ ഉദ്ഘാടന വേദിയെ പ്രകമ്പനം കൊള്ളിച്ചു. ചക്രക്കസേരയില്‍ ഇരുന്നുകൊണ്ട് നര്‍ത്തകര്‍ നടത്തിയ ചടുല നൃത്തം സദസ്സ് കണ്ണിമവെട്ടാതെ കണ്ടിരുന്നു. വീല്‍ചെയറുകള്‍ മറിച്ചിട്ടും അതിനുമുകളില്‍ കയറി നിന്നും പരിമിതിയോട് പടവെട്ടുന്ന വ്യത്യസ്ത നൃത്തക്കാഴ്ചയാണ് കാണികള്‍ക്ക് സമ്മാനിച്ചത്.
കാണികളെ എഴുന്നേറ്റ് നിന്ന് കൈയടിക്കാന്‍ പ്രേരിപ്പിച്ച അപൂര്‍വ നിമിഷങ്ങളും കൊണ്ട് സമ്പന്നമായിരുന്നു വീല്‍ ചെയര്‍ ഡാന്‍സ്. ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലാദ്യമായി നടക്കുന്ന ദ്വിദിന കലാമേളയുടെ ഉദ്ഘാടന സമ്മേളനത്തിലാണ് മിറാക്കിള്‍ ഓണ്‍ വീല്‍സിന്റെ അപൂര്‍വ പ്രകടനം നടന്നത്. അംഗപരിമിതരും ശ്രവണ സംസാര പരിമിതരുമാണ് സംഘത്തിലുണ്ടായിരുന്നത്. കലാമേളയ്ക്ക് ഏറ്റവും ഉചിതമായ തുടക്കമായിരുന്നുവെന്ന് കാണികള്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു.