ലണ്ടൻ: ബിബിസി വിഷയത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. ഇന്ത്യയിൽ സർക്കാരിനെ ചോദ്യം ചെയ്യുന്നവർ ആക്രമിക്കപ്പെടുന്നുവെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയോ അദ്ദേഹം അന്ധമായി പിന്തുണയ്ക്കുന്നവരെയോ ചോദ്യം ചെയ്താൽ ആക്രമിക്കപ്പെടുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. ബി ബി സി വിഷയത്തിലും ഇന്ത്യയിൽ ഇതാണ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. ലണ്ടനിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. മാധ്യമ സ്വാതന്ത്ര്യത്തിൽ മോദി സർക്കാർ കൈകടത്തുകയാണെന്നും രാഹുൽ വിമർശിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി ജെ പി നേതാക്കളെയും ചൊടിപ്പിച്ചത് 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടുള്ള ബി ബി സി ഡോക്യുമെന്‍റിയാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി ചെയ്ത കാര്യങ്ങളാണ് രണ്ട് ഭാഗങ്ങളുള്ള ബി ബി സി ഡോക്യുമെന്‍ററിയിൽ ചൂണ്ടികാട്ടിയതെന്നും രാഹുൽ പറഞ്ഞു. ബി ബി സി ഡോക്യുമെന്‍ററിയായ ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’ രാജ്യത്ത് പ്രദർശിപ്പിക്കാൻ സമ്മതിക്കാത്തതടക്കമുള്ള കാര്യങ്ങളും ചൂണ്ടികാട്ടി രാഹുൽ, പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവും ഉന്നയിച്ചു.