തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് ആരംഭിക്കും. 29നാണ് പരീക്ഷ അവസാനിക്കുന്നത്. പരീക്ഷയ്ക്കായി 4,19,362 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർഥികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്.
1,170 സെന്ററുകളാണ് സർക്കാർ മേഖലയിൽ ഉള്ളത്. എയിഡഡ് മേഖലയിൽ 1,421 സെന്ററുകളും അൺ എയിഡഡ് മേഖലയിൽ 369 സെന്ററുകളും ഉണ്ട്. ആകെ മൊത്തം 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിൽ 518 വിദ്യാർഥികളും ലക്ഷദ്വീപിൽ 9 സ്കൂളുകളിലായി 289 വിദ്യാർഥികളുമാണ് ഇക്കൊല്ലം പരീക്ഷ എഴുതുന്നത്.
ഉത്തരക്കടലാസ് മൂല്യനിർണയം ഏപ്രിൽ 3 മുതൽ 26 വരെയുള്ള തീയതികളിലായി പൂർത്തീകരിക്കും. 70 ക്യാംപുകളാണ് ഇതിനായി ക്രമീകരിച്ചിരിക്കുന്നത്. 18,000ലേറെ അധ്യാപകരുടെ സേവനം ഇതിന് ആവശ്യമായി വരും. മേയ് രണ്ടാം വാരത്തിൽ ഫലം പ്രസിദ്ധീകരിയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.