പോത്തൻകോട്: ചേങ്കാേട്ടുകോണം ജംഗ്ഷനിൽ നടുറോഡിൽ വിദ്യാർത്ഥിനിക്ക് ക്രൂര മർദ്ധനം. ചേങ്കാേട്ടുകോണം എസ്.എൻ.പബ്ലിക് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിക്കാണ് വയറിനും നെഞ്ചിനും ചെവിക്കും ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 3.30 യ്ക്കായിരുന്നു സംഭവം. പെൺകുട്ടിയെ നാട്ടുകാർ ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സമീപത്തെ ബിവറേജസ് ഔട്ട്ലെറ്റിൽ മദ്യം വാങ്ങാൻ ബൈക്കിലെത്തിയ നാലംഗ
സംഘമാണ് അക്രമം നടത്തിയതെന്ന് നാട്ടുകാർ പറയുന്നു. സ്കൂളിലെ ക്ലാസ് കഴിഞ്ഞ് കൂട്ടുകാരോടൊപ്പം ചേങ്കാേട്ടുകോണം ബസ് സ്റ്റോപ്പിലേക്ക് നടന്നു പോകുമ്പോഴായിരുന്നു അക്രമണം.
നാൽവർ സംഘം പെൺകുട്ടിയെ ആദ്യം കണ്ട മാത്രയിൽ സദാചാര പോലീസ് ചമയുകയായിരുന്നു. മുടി ആൺകുട്ടികളെപ്പോലെ ക്രാേപ്പ് ചെയ്തു പേന്റും ഉടുപ്പുമാണ് പെൺകുട്ടി ധരിച്ചിരുന്നത്. ഇതിനെ ഇവർ ചോദ്യം ചെയ്യുകയും തുടർന്ന് പ്രതികൾ പെൺകുട്ടിയുടെ അടുത്തെത്തി മുടിയിൽ കുത്തിപ്പിടിച്ച് അസഭ്യം പറയുകയും ചെയ്തു. ഇതിനെതിരെ പ്രതികരിച്ച പെൺകുട്ടിയെയാണ് നടുറോഡിൽ നിരവധി ആൾക്കാർ നോക്കി നിൽക്കെ റോഡിലെ തറയിൽ വലിച്ചിട്ട് അതിക്രൂരമായി ചവിട്ടിയും തൊഴിച്ചും മർദ്ധിച്ചത്.
കൂടെയുള്ള സുഹൃത്തുക്കളും നാട്ടുകാരും തടയാൻ ശ്രമിച്ചിട്ടും പ്രതികൾ അക്രമം തുടർന്നു. ഒടുവിൽ പൊലീസ് എത്തുമെന്ന് മനസിലാക്കിയ പ്രതികൾ ബൈക്കുകളിൽ രക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോത്തൻകോട് പോലീസ് അന്വഷണം ആരംഭിച്ചു.
വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെന്നു സംശയിക്കുന്നവരെ പോത്തൻകോട് പോലീസ് കസ്റ്റഡിയിൽ എടുത്തു. കസ്റ്റഡിയിലെടുത്ത പ്രതികളെ തിരിച്ചറിയൽ പരേഡിൽ മാത്രമേ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂ എന്ന് പോത്തൻകോട് ഇൻസ്പെക്ടർ മിഥുൻ പറഞ്ഞു.
പരിക്കേറ്റ വിദ്യാർഥിനി ഉള്ളൂർ സ്വദേശിയാണ്. കുട്ടി ആദ്യം സ്കൂളിലെ എട്രൻസ് ബാച്ചിലായിരുന്നു. അടുത്ത സമയത്താണ് സ്കൂളിലെ റഗുലർ ബാച്ചിലേക്ക് മാറിയത്.