പെരുമാതുറ: വീട്ടിൽ നിന്ന് സുഹൃത്തു വിളിച്ച് ഇറക്കി കൊണ്ടുപോയ പതിനേഴുകാരനായ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ലഹരി വസ്തു ഉപയോഗിച്ചതാകാം മരണകാരണമെന്നാണ് സംശയം. ഇതു സംബന്ധിച്ച് ബന്ധുക്കളും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പെരുമാതുറ തെരുവിൽ വീട്ടിൽ സുൽഫിക്കർ റജില ദമ്പതികളുടെ മകൻ ഇർഫാൻ (17) ആണ് ഇന്ന് വെളുപ്പിന് മരിച്ചത്.
പെരുമാതുറ ഫിഷിംഗ് ഹാർബറിലെ തൊഴിലാളിയായ ഇർഫാൻ ജോലി കഴിഞ്ഞ് വീട്ടിലെത്തി ആഹാരം കഴിച്ച് ഉറക്കത്തിലായിരുന്നു. ഇതിനിടയിൽ സുഹൃത്ത് ഇർഫാന്റെ ഫോണിലേക്ക് നിരന്തരം വിളിച്ചെഎങ്കിലും എടുത്തില്ലെന്ന് മാതാവ് പറഞ്ഞു. തുടർന്ന് ഇന്നലെ വൈകിട്ട് ആറരയോടെ സ്കൂട്ടറിൽ എത്തിയ സുഹൃത്താണ് ഇർഫാനെ വീട്ടിൽ നിന്ന് വിളിച്ചു കൊണ്ടുപോകുകയും ഏഴരയ്ക്ക് തിരികെ വീട്ടിൽ കൊണ്ടു വിടുകയും ചെയ്തു. ഇതിനിടെ സമീപത്തെ റോഡിലുണ്ടായ അപകടം നോക്കാനായി വീട്ടുകാർ പോയിരുന്നു. അവർ തിരികെ എത്തിയപ്പോഴാണ് തുടരെ തുടരെ ഛർദ്ദിച്ച് അവശനിലയായി ഇർഫാൻ കട്ടിലിൽ കിടക്കുന്നത് കണ്ടത്.
ചില സുഹൃത്തുക്കൾ ചേർന്ന് എന്തോ മയക്കുമരുന്ന് മണപ്പിച്ചുവെന്ന് ഇർഫാൻ അമ്മയോടു പറഞ്ഞതായി മാതാവ് റജുല പറഞ്ഞു. മാതാവ് ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഏതോ ലഹരി ഉപയോഗിച്ചതായി ഇവർ ഡോക്ടറോടും പറഞ്ഞിരുന്നു. പ്രാഥമിക ചികിത്സയ്ക്കു ശേഷം വീട്ടിൽ മടങ്ങിയെത്തിയെങ്കിലും രാത്രി ഒരു മണിയോടെ ഇഫാന്റെ ആരോഗ്യ സ്ഥിതി ഗുരുതരമാകുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജിലെത്തിക്കുന്നതിന് മുമ്പ് ഇർഫാൻ മരിച്ചിരുന്നു. സംഭവത്തെ പറ്റി പൊലീസും എക്സൈസും വിശദമായ അന്വേഷണം നടത്തുന്നുണ്ട്. സഹോദരനും സഹോദരി. അടുത്തിടെയായി പെരുമാതുറയിൽ ലഹരി സംഘങ്ങൾ വർദ്ധിച്ചു വരുകയും പൊലീസും എക്സൈസും ജമാഅത്ത് അക്കമുള്ളവർ ഇതിനെതിരെ ബോധവൽക്കരണവും നടത്തിയെങ്കിലും ഫലമുണ്ടായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം വൈകുന്നേരം പെരുമാതുറ ജുമാ മസ്ജിദിൽ ഖബറടക്കി