കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസില്‍ മൂന്ന് പേർക്ക് തടവ് ശിക്ഷ. 3 വർഷം തടവും 25,000 പിഴയുമാണ് കണ്ണൂർ സബ് കോടതി വിധിച്ചത്. സിപിഎം മുൻ എംഎൽഎമാർ അടക്കം 113 പ്രതികൾ ഉണ്ടായിരുന്ന കേസിൽ 110 പേരെയും കോടതി വെറുതെ വിട്ടു.
ദീപക്, സിഒടി നസീർ, ബിജു പറമ്പത്ത് എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് വിധിച്ചത്. ദീപക് ചാലാടിന് 3 വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. സിഒടി നസീറിനും ബിജു പറമ്പത്തിനും 2 വര്‍ഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
2013 ഒക്ടോബർ 27 നായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷന് സമീപമാണ് ഉമ്മൻ ചാണ്ടിയുടെ കാറിന് നേരെ കല്ലേറുണ്ടായത്. അന്ന് കാറിന്‍റെ ചില്ല് തകര്‍ന്ന് ഉമ്മന്‍ചാണ്ടിക്ക് പരിക്കേറ്റിരുന്നു. ആയുധം കൊണ്ട് പരുക്കേൽപ്പിക്കൽ, പൊതുമുതൽ നശിപ്പിക്കൽ എന്നീ 2 വകുപ്പുകളാണ് പ്രതികൾക്കതിരെ തെളിയിക്കാന്‍ കഴിഞ്ഞത്. വധശ്രമം, ഗൂഢാലോചന, പൊലീസിനെ ആക്രമിച്ച് പരുക്കേൽപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ പൊലീസിന് തെളിയിക്കാനായില്ല.