കോഴിക്കോട് : ആലപ്പുഴ- കണ്ണൂർ എക്സിക്ക്യൂട്ടീവ് ട്രെയിനിലുണ്ടായ തീവെപ്പിൽ നിന്ന് രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയ മൂന്ന് പേർക്ക് ദാരുണാന്ത്യം. മട്ടന്നൂർ സ്വദേശി റഹ്മത്ത് സഹോദരീ പുത്രി ചാലിയം സ്വദേശി ശുഹൈബ് സഖാഫിയുടെ മകൾ രണ്ട് വയസുകാരി സഹറ, മട്ടന്നൂർ സ്വദേശി നൗഫിക് നൗഫിക്ക് എന്നിവരാണ് മരിച്ചത്. തലയടിച്ച് വീണാണ് മരണം. ട്രെയിൻ വേഗത കുറക്കുന്നതിന് മുമ്പ് പുറത്തേക്ക് ചാടിയതാണ് മരണത്തിലേക്ക് നയിച്ചത്. റെയിൽവേ ട്രാക്കിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.
രണ്ട് വയസുകാരി സഹറയുടെ ഉമ്മ കോഴിക്കോട്ട് പഠിക്കുകയാണ്. ഇവിടെ നിന്നും കുഞ്ഞുമായി മടങ്ങുകയായിരുന്നു റഹ്മത്ത്. മരിച്ച നൗഫീഖ് ആക്കോട് നോമ്പ് തുറ കഴിഞ്ഞു വരികയായിരുന്നു. കോഴിക്കോട് നിന്നും ട്രെയിന് കയറിയതായിരുന്നു ഇയാൾ.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്നു കണ്ണൂരിലേക്ക് പുറപ്പെട്ട ട്രെയിൻ എലത്തൂരിലെത്തിയപ്പോഴാണ് ഡി1 കോച്ചിൽ വെച്ച് ആക്രമി യാത്രക്കാർക്ക് നേരെ പെട്രോളൊഴിച്ച ശേഷം തീ കൊളുത്തിയത്. തീ പൊള്ളലിൽ ഒമ്പത് പേർക്കാണ് പരിക്കേറ്റത്. ഇവരിൽ എട്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
പി.സി.ലതീഷ്, ജ്യോതീന്ദ്രനാഥ്, പ്രകാശൻ എന്നിവർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. 5 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയാണ്. പരിക്കേറ്റ ഒമ്പതാമത്തെയാൾ റാസിഖ് കൊയിലാണ്ടിയിലായിരുന്നു ചികിത്സ തേടിയത്. ഇയാളുടെ പരിക്ക് സാരമുള്ളതല്ല.
ഇയാൾ അക്രമം നേരിട്ട് കണ്ടതിനാൽ വിവരം ശേഖരിക്കാൻ ഇയാളെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരിക്കുകയാണ്.