കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാർക്ക് ലിസ്റ്റ് ഗൂഢാലോചനക്കേസിൽ വേണ്ടി വന്നാൽ ഇനിയും കേസെടുക്കുമെന്ന എം.വി. ഗോവിന്ദന്‍റെ പരാമർശത്തിനെതിരേയാണ് വിമർശനവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്. കുട്ടി സഖാക്കൾക്കെതിരേ ശബ്ദിച്ചാൽ കേസെടുക്കുന്നത് അനുവദിക്കാനാകില്ലെന്നും ഭരിക്കാൻ ഏൽപ്പിച്ചിരിക്കുന്നത് മുഖ്യമന്ത്രിയെയാണ് പാർട്ടി സെക്രട്ടറിയെ അല്ല എന്നും സതീശൻ പറഞ്ഞു.
എം.വി. ഗോവിന്ദന്‍റെ ഈ പരാമർശം തികഞ്ഞ അഹങ്കാരത്തിന്‍റെ പ്രതിഫലനമാണെന്നും ഭയപ്പെടുത്താൻ നിങ്ങളാരാണ് മിസ്റ്റർ, നിങ്ങളുടെ ഭീഷണി ആരും വക വയ്ക്കുന്നുവെന്നും സതീശൻ പരിഹസിച്ചു.
സർക്കാരിന്റേത് കുട്ടി സഖാക്കൾ ചെയ്യുന്ന കൊടുംപാതകങ്ങൾക്ക് കുട പിടിക്കുന്ന സമീപനമാണ്. കേരളത്തിൽ പിണറായി വിജയനെപ്പോലെ ഭീരുവായൊരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. അദ്ദേഹത്തിനെതിരേ ആരെങ്കിലും സമരം ചെയ്താൽ അവരെ തീവ്രവാദിയെന്നും മാവോയിസ്റ്റെന്നും അർബൻ നക്സൽ എന്നും മറ്റും മുദ്ര കുത്തുന്ന രീതിയാണിപ്പോഴെന്നും സതീശൻ കുറ്റപ്പെടുത്തി.