തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങ് തിരിച്ചെത്തി. മൃഗശാലയ്ക്ക് ഉള്ളില്‍ത്തന്നെ ഒരു ആഞ്ഞിലി മരത്തിനു മുകളിലാണ് ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തിയത്. കാട്ടുപോത്തിന്റെ കൂടിനോടു ചേര്‍ന്നുള്ള ഭാഗത്താണിത്. രാവിലെ മുതല്‍ ബൈനോക്കുലറുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് കുരങ്ങിനെ കണ്ടെത്താന്‍ ശ്രമം നടക്കുകയായിരുന്നു. ഇതിനിടെ ആനിമല്‍ കീപ്പര്‍മാരാണ് കുരങ്ങിനെ കണ്ടെത്തിയത്. മയക്കുവെടിവച്ച് പിടികൂടാന്‍ ശ്രമം തുടരുകയാണ്. വൈകാതെ കൂട്ടിലേക്ക് മാറ്റാനാകും എന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു. ഹനുമാന്‍ കുരങ്ങ് അക്രമ സ്വഭാവമുള്ളതിനാല്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. കുരങ്ങ് ചാടിപ്പോയ സാഹചര്യത്തില്‍ പുതിയതായി എത്തിയ മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ മൃഗശാല അധികൃതര്‍ക്ക് വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തല്‍. ജീവനക്കാര്‍ മൃഗങ്ങളെ അശ്രദ്ധമായി കൈകാര്യം ചെയ്തുവെന്നും ഹനുമാന്‍ കുരങ്ങിന് 15 ദിവസത്തെ ക്വാറന്റൈന്‍ വേണമെന്ന നിര്‍ദ്ദേശവും പാലിച്ചില്ലെന്നാണ് പുറത്തുവരുന്ന വിവരം.
പുതുതായി എത്തിച്ച മൃഗങ്ങളെ സന്ദര്‍ശകര്‍ക്ക് കാണാന്‍ തുറന്ന് വിടുന്ന ചടങ്ങ് നാളെ നടക്കാനിരിക്കെ കൂട് തുറന്ന് പരീക്ഷണം നടത്തിയപ്പോഴാണ് ഇന്നലെ വൈകിട്ട് കുരങ്ങ് ചാടിപ്പോയത്. രണ്ടാഴ്ച മുന്‍പ് തിരുപ്പതി വെങ്കിടേശ്വര മൃഗശാലയില്‍ നിന്ന് കൊണ്ടുവന്ന കുരങ്ങാണ് ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ മൃഗശാല ജീവനക്കാരെ വെട്ടിച്ച് പുറത്തുചാടിയത്. സന്ദര്‍ശക സമയം കഴിഞ്ഞശേഷം കുരങ്ങിനെ ക്വാറന്റൈനില്‍ പാര്‍പ്പിച്ചിരുന്ന മൃഗശാലയിലെ പഴയ കൂട്ടില്‍ നിന്ന് പരീക്ഷണാര്‍ത്ഥം തുറന്ന കൂട്ടിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹനുമാന്‍ കുരങ്ങ് പുറത്തു ചാടിയത്.
അതിവേഗത്തില്‍ മരങ്ങളില്‍ നിന്ന് മരങ്ങളിലേക്ക് ചാടിപ്പോകാന്‍ കഴിവുള്ളതാണ് ഈ പെണ്‍ ഹനുമാന്‍ കുരങ്ങ്. അതുകൊണ്ടുതന്നെ കുരങ്ങിനെ ഇന്നലെ രാത്രി പിടിക്കാന്‍ നടത്തിയ ശ്രമം വിജയിച്ചില്ല. ആണ്‍കുരങ്ങിനെ കൂടോടെ അടുത്ത് എത്തിച്ചെങ്കിലും പെണ്‍കുരങ്ങ് കൂട്ടിലേക്കു വന്നില്ല. ഇടയ്ക്ക് മൃഗശാല വളപ്പിനു പുറത്തെ മരങ്ങളിലും കുരങ്ങ് ചുറ്റിക്കറങ്ങി. പൂക്കളും തളിരിലകളും ഒക്കെയാണ് ഈ കുരങ്ങുകള്‍ കഴിക്കുന്നത്. അതുകൊണ്ടുതന്നെ വിശക്കുമ്പോള്‍ കഴിക്കാനായി കുരങ്ങ് വീടുകളുടെ പരിസരങ്ങളിലേക്ക് വരാന്‍ സാധ്യതയുള്ളതിനാല്‍ ഇന്നലെ തന്നെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.
അതേസമയം, മാസങ്ങള്‍ക്ക് മുന്‍പും ഇത്തരത്തില്‍ മൃഗശാലയില്‍ നിന്ന് കുരങ്ങന്‍ പുറത്തുചാടിയിരുന്നു. ബ്രൗണ്‍ നിറത്തിലുള്ള ബംഗാള്‍ കുരങ്ങനാണ് സന്ദര്‍ശകരുള്ള സമയത്ത് മൃഗശാലയില്‍ നിന്ന് പുറത്തുചാടിയത്. കീപ്പര്‍മാര്‍ കൂട് വൃത്തിയാക്കുന്നതിനിടെയായിരുന്നു പത്ത് വയസുള്ള ആണ്‍കുരങ്ങ് ഇവരുടെ കണ്ണുവെട്ടിച്ച് കൂടിന് പുറത്തെത്തിയത്. മൃഗശാല ഡോക്ടര്‍ ഗണ്‍ ഉപയോഗിച്ച് കുരങ്ങിനെ മയക്കുവെടിവച്ചെങ്കിലും ഗണ്ണിനുണ്ടായ തകരാര്‍ കാരണം അത് കൊണ്ടില്ല. ഇതോടെ അധികൃതരും ആശങ്കയിലായി. ആക്രമണ സ്വഭാവമുള്ള വര്‍ഗത്തില്‍പ്പെട്ടതാണ് ഈ കുരങ്ങും. കൂടുതല്‍ ജീവനക്കാരെത്തി കല്ലെറിഞ്ഞും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി വിരട്ടിയുമാണ് കുരങ്ങിനെ താഴെയിറക്കിയത്. താഴെ എത്തിയുടനെ കുരങ്ങിനെ കൂട്ടിലേയ്ക്ക് കയറ്റി. അതേസമയം, മൃഗശാലയ്ക്ക് പുറത്തേക്ക് വളര്‍ന്ന് നില്‍ക്കുന്ന മരച്ചില്ലകള്‍ കൃത്യമായി വെട്ടിമാറ്റാത്തതാണ് കുരങ്ങ് പുറത്തേക്ക് കടക്കാന്‍ കാരണമായത്. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മയക്കുവെടിവയ്ക്കാനുള്ള തോക്ക് പോലും മൃഗശാലയില്‍ ഇല്ലെന്നും ആരോപണമുണ്ട്.