തിരുവനന്തപുരം: അനന്തപുരിക്ക് അഭ്യാസ പ്രകടനങ്ങളുടെയും മെയ് വഴക്കത്തിന്റെയും വിസ്മയ കാഴ്ചകളൊരുക്കാന്‍ ജംബോ സര്‍ക്കസിന് ഇന്ന് തുടക്കമാകും. ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ സര്‍ക്കസ് ഉദ്ഘാടനം ചെയ്യും. നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രന്‍ ദീപം തെളിയിക്കും. മന്ത്രിമാരായ ജി ആര്‍ അനില്‍, ആന്റണി രാജു എന്നിവര്‍ മുഖ്യ അതിഥികളാകും. ഡെപ്യൂട്ടി മേയര്‍ പി കെ രാജു, ഡി ആര്‍ അനില്‍, എം ആര്‍ ഗോപന്‍, പി പത്മകുമാര്‍, സിമി ജ്യോതിഷ്, ബിനുഫ്രാന്‍സിസ്, സൂര്യ കൃഷ്ണ മൂര്‍ത്തി എന്നിവർ സംബന്ധിക്കും.
കാണികളെ അത്ഭുത പരതന്ത്രരാക്കുന്ന മെക്‌സിക്കന്‍ വീല്‍ഓഫ്ഡത്ത് എന്ന അതിസാഹസികവും ഏറെ അപകട സാധ്യതയുള്ളതുമായ പുതുമയാര്‍ന്ന ഇനമാണ് മുഖ്യ ആകര്‍ഷണം. ഇതിന് പുറമെ ഫൂട്ട്അക്രോബാറ്റ്, ഏഴ് എത്യോപ്യന്‍ അംഗങ്ങള്‍ ഒന്നിക്കുന്ന സര്‍ക്കസില്‍ ആസാമിലെയും, ബംഗാളിലേയും, ജമ്മു-കാശ്മീരിലേയും കലാകാരന്മാരും കലാകാരികളുംചേര്‍ന്നാണ് അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നത്. ഡാര്‍ക്ക്‌ലൈറ്റ് ഗ്ലോബില്‍ മൂന്ന് ബൈക്കുകള്‍ ഒരുമിച്ച് ഓടിക്കുന്ന അപൂര്‍വകാഴ്ചയും കാണികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
ഡബിള്‍റിംഗ്, റൊമാന്റിക് സാരി ബാലന്‍സ് പ്രകടനങ്ങള്‍, തുടങ്ങിയ നൂതനമായ നിരവധി കാഴ്ചകള്‍ക്കൊപ്പം ആഫ്രിക്കന്‍ കലാകാരന്മാരും കലാകാരികളുടെയും ഫയര്‍ ഡാന്‍സ്, പോള്‍ ആക്രബേറ്റ് എന്നിവയും ഒപ്പം അതിവേഗത്തില്‍ വ്യത്യസ്തമായി നിര്‍മ്മിക്കപ്പെടുന്ന മനുഷ്യ പിരമിഡുകള്‍ (പിരമിഡ് ആക്രബേറ്റ്), റോളര്‍ ബാലന്‍സ് തുടങ്ങി അസാമാന്യ മെയ്‌വഴക്കവും ഏകാഗ്രതയും ഒത്തിണങ്ങിയ അപൂര്‍വങ്ങളില്‍ അപൂര്‍വമായ പ്രകടനങ്ങളും ജംബോസര്‍ക്കസിന്റെ പ്രേക്ഷകരെ കാഴ്ചയുടെ വസന്തത്തിലേക്ക് കൊണ്ടെത്തിക്കും.
ചെകോസ്ലോവാക്യന്‍ ലേസര്‍ ലൈറ്റ്കളുടെയുംഡിജിറ്റല്‍ ശബ്ദമികവിന്റെയും പശ്ചാത്തലത്തില്‍ നടക്കു ജംബോസര്‍ക്കസ് ഉച്ചക്ക് ഒരുമണി, വൈകുന്നേരം നാലുമണി, രാത്രി ഏഴുമണി ഇങ്ങനെ പ്രതിദിനം മൂന്നു ഷോകളാണുള്ളത്. എം വി ശങ്കരന്റെ നേതൃത്വത്തില്‍ 1977 ല്‍ ബീഹാറിലെ പാട്‌നക്കടുത്ത് ദാനാപൂരില്‍ ആരംഭിച്ച ജംബോ സര്‍ക്കസ് ആരംഭിച്ച എം വി ശങ്കരന്റെ മക്കളായ അജയ്ശങ്കര്‍, അശോക്ശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജംബോ സര്‍ക്കസ് ജൈത്രയാത്ര ഇപ്പോഴും തുടരുന്നു.