തിരുവനന്തപുരം: കോതമംഗലത്ത് വാരപ്പെട്ടിയില്‍ വൈദ്യുതി ലൈനിന് സമീപം വളര്‍ന്ന വാഴകള്‍ അടിയന്തിരമായി വെട്ടി മാറ്റിയതിന് വിശദീകരണവുമായി മന്ത്രി കെ കൃഷ്ണന്‍കുട്ടി. മനുഷ്യ ജീവന് അപകടമുണ്ടാകാന്‍ സാധ്യതയുള്ളത് കൊണ്ടാണ് ഇത്തരം നടപടി സ്വീകരിച്ചത്.
ഇടുക്കി ജല വൈദ്യുത പദ്ധതിയില്‍ നിന്നും വൈകുന്നേരത്ത് ലഭിക്കുന്ന അധിക ഉല്‍പ്പാദന ശേഷി ഉപയോഗിക്കണമെങ്കില്‍ പ്രസ്തുത ലൈന്‍ തകരാര്‍ അടിയന്തിരമായി പരിഹരിക്കേണ്ടതുണ്ടായിരുന്നു എന്നാണ് മന്ത്രിയുടെ വിശദീകരണം. അടിയന്തിര പ്രാധാന്യമായതിനാലാണ് പെട്ടെന്ന് നടപടി എടുക്കേണ്ട സാഹചര്യമുണ്ടായതെന്ന് മന്ത്രി പറഞ്ഞു. വിഷയത്തില്‍ മാനുഷിക പരിഗണന നല്‍കി പ്രത്യേക കേസായി പരിഗണിച്ച് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി ആലോചിച്ച് ഉചിതമായ സഹായം നല്‍കുമെന്നും മന്ത്രി അറിയിച്ചു.
ടവര്‍ ലൈനിനു കീഴില്‍ കൃഷി ചെയ്തിരുന്ന 400 വാഴ കെഎസ്ഇബി മുന്നറിയിപ്പില്ലാതെ വെട്ടിനശിപ്പിച്ച സംഭവത്തില്‍ ഏറെ പ്രതിഷേധം ഉയർന്നിരുന്നു. കൃഷി മന്ത്രി ഉൾപ്പെടെ നിരവദിപ്പേരാണ് കെ എസ് ഇ ബി യുടെ നടപടിയെ വിമർശിച്ച് രംഗത്തെത്തിയത്.