തിരുവനന്തപുരം: ഉണരൂ.. ഉണരൂ.. ഉഷസ്സേ… ഉണര്‍ത്തുപാട്ടിന്റെ മനോഹാരിതയില്‍ ഡിഫറന്റ് ആര്‍ട് സെന്ററിന്റെ തീം സോംഗ് പിറവിയെടുത്തു. ഭിന്നശേഷിക്കാര്‍ക്ക് കരുതിലന്റെയും പരിഗണനയുടെയും ആവേശം പകരാനായാണ് തീം സോംഗ് തയ്യാറാക്കിയത്. ഗാനത്തിന്റെ പ്രകാശനം മന്ത്രി ഡോ.ആര്‍.ബിന്ദു നിര്‍വഹിച്ചു. ഡിഫറന്റ് ആര്‍ട് സെന്ററിന്റെ പശ്ചാത്തലത്തില്‍ നിര്‍മിച്ച ഈ തീംസോംഗ് ഭിന്നശേഷി മേഖലയ്ക്ക് മുതല്‍ക്കൂട്ടാണെന്ന് റിലീസ് ചടങ്ങില്‍ മന്ത്രി ഡോ.ആര്‍.ബിന്ദു പറഞ്ഞു.
ഡിഫറന്റ് ആര്‍ട് സെന്ററിന് സാമൂഹ്യനീതി വകുപ്പ് നല്‍കുന്ന സമ്മാനമാണ് ഈ മുദ്രാഗാനം. ഗാനത്തിന്റെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കൂടിയായ കെ.പി ബീനയാണ്. ഡിഫറന്റ് ആര്‍ട് സെന്ററിന്റെ പ്രവര്‍ത്തനങ്ങളുടെ ആത്മാവ് ഒട്ടും ചോരാതെ പകര്‍ത്തിയെടുത്ത വരികളാണ് ഈ ഗാനത്തിന്റേത്. അതുകൊണ്ട് തന്നെ സമാനതകളില്ലാത്ത അമൂല്യ സമ്മാനമായി ഈ ഗാനം കൈമാറുകയാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങിന് മുഖ്യാതിഥിയായെത്തിയ പിന്നണി ഗായിക ലതിക ചടങ്ങിനെ സംഗീതസാന്ദ്രമാക്കിയത് ഇരട്ടിമധുരമായി.
അവര്‍ ആലപിച്ച ഗാനങ്ങളും ഹമ്മിംഗുമൊക്കെ പാടി ചടങ്ങ് കൂടുതല്‍ മനോഹരമാക്കി. ഗാനത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച കെ.പി ബീന, അന്‍വര്‍ സാദത്ത്, പ്രജീഷ് പ്രേം എന്നിവരെ മെമെന്റോ നല്‍കി മന്ത്രി ആദരിച്ചു. ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികളും അദ്ധ്യാപകരും ഗാനത്തിന്റെ പിന്നണി പ്രവര്‍ത്തകരും ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തില്‍ പങ്കാളികളായി. ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, മാനേജര്‍ സുനില്‍രാജ് സി.കെ എന്നിവര്‍ പങ്കെടുത്തു. കെ.പി ബീനയുടെ രചനയ്ക്ക് വിശ്വജിത്ത് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത പിന്നണി ഗായകരായ മഞ്ജരി, അന്‍വര്‍ സാദത്ത് എന്നിവരാണ്.
ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം സംവിധായകനായ പ്രജീഷ് പ്രേം ആണ് നിര്‍വഹിച്ചിരിക്കുന്നത്. വിഭിന്നരായവര്‍ക്ക് പുതിയ ലോകം സൃഷ്ടിക്കുവാന്‍ നാം ഓരോരുത്തരം ബാധ്യസ്ഥരാണ് എന്ന സന്ദേശമാണ് ഈ തീം സോംഗിന് പിന്നിലുള്ളത്. ഗാനം ഡിഫറന്റ് ആര്‍ട് സെന്റര്‍ വെബ് സൈറ്റിലും യു ട്യൂബിലും ഉടന്‍ ലഭ്യമാക്കും.