കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികൾ ഗംഭീരമായി പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വീടുകൾ തോറും കയറി ചാണ്ടി ഉമ്മനുവേണ്ടി വോട്ടഭ്യർത്ഥിച്ചിരുന്നു.
പുതുപ്പള്ളി കൈതേപ്പാലത്തു താമസിക്കുന്ന പി ഒ സതിയമ്മയുടെ വീട്ടിലെത്തിയ സംഘത്തോട് സതിയമ്മ മുൻ മുഖ്യമന്ത്രിയും ചാണ്ടി ഉമ്മന്റെ പിതാവുമായ ഉമ്മൻ ചാണ്ടിയെക്കുറിച്ചും അദ്ദേഹത്തിന്റെ നല്ല പ്രവർത്തനങ്ങളെക്കുറിച്ചും തനിക്കും കുടുംബത്തിനും ചെയ്തുതന്ന സഹായത്തെക്കുറിച്ചുമൊക്കെ വാചാലയായി.സതിയമ്മ കൈതേപ്പാലം മൃഗാശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയായി 11 വർഷമായി ജോലി നോക്കി വരികയാണ്.
പ്രചാരണ സംഘത്തിന്റെ കൂടെയുണ്ടായിരുന്ന മാധ്യമ പ്രവർത്തകർ ഇതൊരു വാർത്തയാക്കി ടെലികാസ്റ് ചെയ്തതിന്റെ തൊട്ടു പിന്നാലെയാണ് മൃഗാശുപത്രിയിൽ നിന്നും ഇനിമുതൽ ജോലിക്കു വരേണ്ടതില്ലെന്നും കാലാവധി കഴിഞ്ഞെന്നും അറിയിച്ചുകൊണ്ട് അവിടുത്തെ ഉദ്യോഗസ്ഥൻ വിളിക്കുന്നത്.ഏറെ വർഷങ്ങളായി തുടർന്ന് വന്ന ജോലി നഷ്ടമായതിന്റെ ഞെട്ടലിലാണ് ഇവർ.രോഗബാധിതനായ ഭർത്താവിനും കുടുംബത്തിനും ആകെ ഉണ്ടായിരുന്ന വരുമാന മാർഗം നിലച്ച അവസ്ഥയിലാണ് സതിയമ്മ.
കുടുംബശ്രീ വഴിയാണ് ജോലിയിൽ പ്രവേശിച്ചതെന്നും അതിന്റെ കാലാവധി കഴിഞ്ഞപ്പോൾ പിരിച്ചു വിട്ടു എന്നുമാണ് ആശുപത്രി അധികൃതരുടെ വാദം.എൽഡിഎഫ് ഭരണത്തിന് കീഴിലുള്ള കൈതേപ്പാലം മൃഗാശുപത്രിയുടെ ഈ നീക്കത്തെ ഒരു പ്രതികാര നടപടിയായി കാണുന്ന കോൺഗ്രസ് ഇതിനെതിരെ ഒരു പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.നഷ്ട്ടപ്പെട്ട ജോലി തനിക്കു തിരികെ ലഭിക്കണം എന്ന അഭ്യർത്ഥനയോടെ കാത്തിരിക്കുകയാണ് പി ഒ സതിയമ്മ.