തിരുവനന്തപുരം: പേഴ്സണല്‍ സ്റ്റാഫ് പണം തട്ടിയെന്ന പരാതിയില്‍ പ്രതികരണവുമായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. പേഴ്സണൽ സ്റ്റാഫംഗം അഖിൽ മാത്യുവിനോട് വിശദീകരണം തേടിയെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. പേഴ്സണൽ സ്റ്റാഫ് അംഗത്തിന് മേൽ ചെയ്യാത്ത കുറ്റം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ അതടക്കം അന്വേഷിക്കണം എന്ന് പൊലീസിനോട് ആവശ്യപ്പെട്ടെന്ന് മന്ത്രി പറഞ്ഞു.
അഖില്‍ മാത്യു തന്‍റെ ബന്ധുവല്ലെന്നും തന്‍റെ ഓഫീസില്‍ ജോലി ചെയ്തിരുന്ന ആള്‍ മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി. ആയുഷ് മിഷൻ മെയിൽ പുറത്തുവന്നത് എങ്ങനെയെന്ന് പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും സെപ്തംബർ 13 ന് ഇത് സംബന്ധിച്ച പരാതി ലഭിച്ചുവെന്നും അതെ തുടർന്ന് വിശദീകരണം ചോദിച്ചുവെന്നും മന്ത്രി പറഞ്ഞു.