പത്തനംതിട്ട: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. പത്തനംതിട്ട പൊടിയാടിയില്‍ പോലീസിന് നേരെ തട്ടി കയറിയ സംഭവത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെ 22 പ്രതികളാണ് കേസില്‍ ഉൾപ്പെട്ടിട്ടുള്ളത്. സംഭവത്തിൽ പുളിക്കീഴ് പോലീസ് ആണ് കേസെടുത്തത്. ഗതാഗതം തടസ്സപ്പെടുത്തി ഡിവൈഎസ്പിക്ക് നേരെ തട്ടിക്കയറി എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
എന്നാൽ പ്രതിഷേധിക്കാന്‍ പോലും സമ്മതിക്കാത്ത ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് താണ്ഡവം നടത്തിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറയുന്നത്. കേസ് നിയമപരമായി നേരിടുമെന്നാണ് തിരുവഞ്ചൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.
നെടുമ്പ്രം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടും കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന ഏകദിന ഉപവാസ സമരത്തിന്റെ സമാപന സമ്മേളനത്തിനിടെയാണ് സംഘര്‍ഷവും പോലീസുമായി വാക്കേറ്റവും ഉണ്ടായത്. ഇക്കഴിഞ്ഞ 25 ആം തീയതി വൈകിട്ട് ആറുമണിയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.