തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ ഉടൻ വർധന ഉണ്ടാകില്ല. നിലവിലെ വൈദ്യുതി നിരക്ക് അടുത്ത മാസം 31 വരെ തുടരുമെന്ന് ചൂണ്ടിക്കാട്ടി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കി.
വൈദ്യുതി നിരക്ക് ഉയര്‍ത്തുന്നതിനെതിരെ വിവിധ കോണുകളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇത് കണക്കിലെടുത്താണ് തത്കാലം വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ടതില്ലെന്ന തീരുമാനത്തില്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ എത്തിയത്.
നിലവിലെ വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് യൂണിറ്റിന് 41 പൈസ വരെ ഉയര്‍ത്തണമെന്നതായിരുന്നു കെഎസ്ഇബിയുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മീഷന്‍ പൊതു തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു.
എന്നാൽ നടപടി ക്രമങ്ങൾ ഇഴയുന്നതും പ്രതിഷേധങ്ങളും നിരക്ക് വർധന ഉടൻ വേണ്ടെന്ന തീരുമാനത്തില്‍ എത്തുന്നതിനു കാരണമായി.
അതിനിടെ എക്‌സ്ട്രാ ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ ഹൈക്കോടതിയില്‍ കേസുമായി പോയിരുന്നു.
കേസില്‍ സ്‌റ്റേ നീങ്ങി വൈദ്യുതി നിരക്ക് ഉയര്‍ത്തുന്നതിന് കളമൊരുങ്ങിയ സമയത്താണ് നിലവിലെ നിരക്ക് തന്നെ തത്കാലം തുടരട്ടെ എന്ന നിലപാട് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ സ്വീകരിച്ചത്.