തിരുവനന്തപുരം : മെഡിക്കൽകോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ രണ്ടാം നിലയിൽ നിന്നും 45 കാരൻ ചാടി മരിച്ച സംഭവത്തിൽ മെഡിക്കൽ കോളേജിലെ സുരക്ഷാ വീഴ്ചയ്ക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
കോളേജ് പ്രിൻസിപ്പൽ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിട്ടു. നവംബർ 8 ന് തിരുവനന്തപുരം പി. എം. ജി. ജംഗ്ഷനിലുള്ള കമ്മീഷൻ ആസ്ഥാനത്ത് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. കരിക്കകം ഷീജ നിവാസിൽ ഗോപകുമാറാണ് (45) ചാടി മരിച്ചത്. നെഫ്രോളജി വാർഡിലാണ് സംഭവം നടന്നത്. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു ഗോപകുമാർ. നവംബറിൽ അവയവമാറ്റ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു.
സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ സുരക്ഷാഭീഷണിയുണ്ടെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. വാർഡിൽ നിന്നും പുറത്തേക്കിറങ്ങുന്ന രോഗികളെ നിരീക്ഷിക്കാൻ വേണ്ടത്ര സുരക്ഷാ ജീവനക്കാർ ഇല്ല. ഒരു വർഷത്തിനുള്ളിൽ സൂപ്പർസ്പെഷ്യാലിറ്റി ബ്ലോക്കിൽ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണ് ഗോപകുമാറിന്റെതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.