തിരുവനന്തപുരം: കനത്ത മഴയിൽ തിരുവനന്തപുരം ജില്ലയിൽ 89.87 ലക്ഷത്തിന്റെ കൃഷിനാശമെന്ന് പ്രാഥമിക വിവരക്കണക്ക്. 438 കർഷകരെയാണ് നഷ്ടം ബാധിച്ചത്. 234.05 ഹെക്ടർ പ്രദേശത്തെ കൃഷിക്ക് നാശം സംഭവിച്ചതായി പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ അനിൽകുമാർ.എസ് അറിയിച്ചു.
ഒക്ടോബർ 13 മുതൽ 16 വരെയുള്ള കണക്കാണിത്. വാഴകൃഷിയെയാണ് മഴ സാരമായി ബാധിച്ചത്. 205.17 ഹെക്ടർ പ്രദേശത്തെ വാഴ കൃഷി നശിച്ചു. 12.48 ഹെക്ടർ നെല്ല്, 10.30 ഹെക്ടർ പച്ചക്കറി, 5.80 ഹെക്ടർ മരിച്ചീനി, 0.20 ഹെക്ടർ അടയ്ക്ക, 0.10 ഹെക്ടർ വെറ്റില എന്നിങ്ങനെയാണ് കൃഷിനഷ്ടത്തിന്റെ പ്രാഥമിക കണക്ക്.
ജില്ലയിൽ ഏറ്റവും അധികം കൃഷിനാശം സംഭവിച്ചത് പള്ളിച്ചൽ ബ്ലോക്കിലാണ്. 207.40 ഹെക്ടറിലായി 36.17 ലക്ഷത്തിന്റെ നാശനഷ്ടമുണ്ടായി. ആറ്റിങ്ങൽ 12 ഹെക്ടറിലായി 18 ലക്ഷം, നെടുമങ്ങാട് 5.20 ഹെക്ടറിലായി 16.70 ലക്ഷം, വാമനപുരം 7.95 ഹെക്ടറിലായി 14.11 ലക്ഷം, നെയ്യാറ്റിൻകര 0.42 ഹെക്ടറിലായി 1.53 ലക്ഷം, പാറശാല 0.28 ഹെക്ടറിലായി 0.42 ലക്ഷം രൂപയുടെയും കൃഷിനഷ്ടം നിലവിൽ കണക്കാക്കിയിട്ടുണ്ട്.