തിരുവനന്തപുരം: സമസ്തമേഖലകളിലും കേരളത്തെ അടയാളപ്പെടുത്തുന്ന കേരളീയത്തില്‍ ഗ്രോത സംസ്‌കൃതിയുടെ നേര്‍ക്കാഴ്ചയൊരുക്കി ലിവിങ് മ്യൂസിയവും ഒരുങ്ങുന്നു.സംസ്ഥാനത്ത് ആദ്യമായാണ് ഗോത്രസംസ്‌കൃതിയുടെ അനുഭവം പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള ലിവിങ് മ്യൂസിയം ഒരുങ്ങുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌കാരിക സ്ഥാപനമായ കേരള ഫോക്ലോര്‍ അക്കാദമിയുടെ നേതൃത്വത്തിലാണ് കനകക്കുന്നില്‍ ലിവിങ് മ്യൂസിയം സജ്ജീകരിക്കുന്നത്. കേരളത്തിലെ കാണി,മന്നാന്‍,ഊരാളികള്‍,മാവിലര്‍, പളിയര്‍ എന്നീ അഞ്ചു ഗോത്രവിഭാഗങ്ങളുടെ തനതു ജീവിതശൈലിയും ആവാസവ്യവസ്ഥയും നവംബര്‍ ഒന്നു മുതല്‍ ഏഴുവരെ ‘ആദിമം ദി ലിവിങ് മ്യൂസിയം’ എന്നു പേരിട്ട ഈ ലിവിങ് മ്യൂസിയത്തില്‍ പുനരാവിഷ്‌കരിക്കും.
കേരളത്തിലെ തന്നെ ആദ്യ ലിവിങ് മ്യൂസിയത്തിന്റെ കാല്‍നാട്ടല്‍ ചടങ്ങ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഇന്നലെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരവളപ്പില്‍ നിര്‍വഹിച്ചു.അഞ്ച് ഊരു മൂപ്പന്മാരുടെ അനുഗ്രഹാശിസുകളോടെയായിരുന്നു ചടങ്ങുകള്‍.
ഗോത്രവിഭാഗങ്ങളുടെ തനതായ കലാരൂപങ്ങളുടെയും, വാദ്യ മേളങ്ങളുടെയും അകമ്പടിയോടെയായിരുന്നു ആരംഭം.നഗാര,തുടി,മത്താളം,കൊക്കര എന്നീ ഗോത്ര വാദ്യങ്ങളുടെ താളം പുതിയ അനുഭവമായി.പളിയ വിഭാഗത്തിന്റെ കുടിയുടെ കാല്‍നാട്ടലിന് ഊരുമൂപ്പന്‍ അരുവി,പ്രാര്‍ത്ഥനകളോടെ മന്ത്രിക്ക് ഈറ കൈമാറി തുടക്കം കുറിച്ചു.കാണി വിഭാഗം മൂപ്പന്‍ ചെമ്പന്‍കോട് മണികണ്ഠന്‍, മന്നാന്‍ വിഭാഗം മൂപ്പന്‍ കുമാരന്‍ കൊക്കന്‍, മാവിലര്‍ വിഭാഗം മൂപ്പന്‍ ഭാസ്‌കരന്‍, ഊരാളി വിഭാഗം മൂപ്പന്‍ ബാലന്‍ എന്നിവരും അതത് കുടിലുകളുടെ കാല്‍നാട്ടലിനുള്ള ഈറ മന്ത്രിക്ക് കൈമാറി.
ഗോത്ര സംസ്‌കൃതിയുടെ തനിമയാര്‍ന്ന ജീവിതം ആവിഷ്‌കരിക്കുക എന്നതാണ് ആദിമത്തിലൂടെ ലക്ഷ്യമിടുന്നത്.ഒപ്പം കേത്രാട്ടം,തെയ്യം,പടയണി തുടങ്ങിയ അനുഷ്ഠാന കലകളുടെ സോദാഹരണം നടത്തുന്ന കാവുകളുടെയും പ്രോടൈപ്പുകളും ലിവിങ് മ്യൂസിയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ.എസ്. ഉണ്ണികൃഷ്ണന്‍, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ.മായ, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.സത്യന്‍, ഭാരത് ഭവന്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, ഫോക്ലോര്‍ അക്കാദമി പ്രോഗ്രാം ഓഫീസര്‍ പി.വി.ലവ്ലിന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.