തിരുവനന്തപുരം: തലസ്ഥാനത്ത് കേരളീയം 2023ന് വർണാഭമായ തുടക്കം. കേരളീയത്തിന്റെ ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേരളീയത്തെ ലോക ബ്രാൻഡാക്കുമെന്ന് മുഖ്യമന്തി പിണറായി വിജയന്‍ പറഞ്ഞു. ഇനി എല്ലാ വർഷവും കേരളീയം പരിപാടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിന് എല്ലാ രംഗത്തും തനത് വ്യക്തിത്വം ഉണ്ടെന്നും തിരുവനന്തപുരത്തെ മുഖമുദ്രയുള്ള ആഘോഷമായി കേരളീയം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം കലാ, സാംസ്കാരിക മേഖലയിലെ പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ അണിനിരന്നു. ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികളാണ് സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ മന്ത്രിമാർ , മമ്മൂട്ടി, മോഹൻലാൽ, കമൽ ഹാസൻ , ശോഭന, സാഹിത്യ, സാംസ്കാരിക മേഖലയിലെ പ്രമുഖർ, പ്രമുഖ വ്യവസായികൾ , ആരോഗ്യ വിദഗ്ധർ തുടങ്ങിയവർ പങ്കെടുത്തു. മന്ത്രി കെ രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേരളീയയം പ്രവർത്തന റിപ്പോർട്ട് അവതരണം ചീഫ് സെക്രട്ടറി വേണു അവതരിപ്പിച്ചു.
കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങൾ, ഭാവി കേരളത്തെ കുറിച്ചുള്ള സ്വപ്നങ്ങൾ തുടങ്ങിയ എല്ലാം ഒരു കുടക്കീഴിൽ അവതരിപ്പിക്കുന്നതാണ് കേരളീയം പരിപാടി.കവടിയാർ മുതൽ കിഴക്കേ കോട്ടവരെയുള്ള 42 വേദികളിലായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. രാവിലെ 10 മുതൽ വൈകിട്ട് 10 വരെയായിരിക്കും പരിപാടികൾ. നവകേരളത്തിന്‍റെ രൂപരേഖ തയാറാക്കുക എന്ന ലക്ഷ്യത്തോടെയുള്ള 25 സെമിനാറുകൾ വിവിധ വേദികളിലായി അവതരിപ്പിക്കും.
എല്ലാ ദിവസവും വൈകിട്ട് കലാപരിപാടികളും ഉണ്ടായിരിക്കും. ഇവയ്ക്കു പുറമേ എക്സിബിഷൻ, ട്രേഡ് ഫെയർ, ഭക്ഷ്യമേളകൾ എന്നിവയും ഉണ്ടായിരിക്കും. വ്യാപാരമേള. ചലച്ചിത്രമേള, പുഷ്പമേള തുടങ്ങിയവയും നടക്കും. കേരളീയത്തിനൊപ്പം നിയമസഭാമന്ദിരത്തിൽ പുസ്തകോത്സവം നടക്കും.