കഴക്കൂട്ടം: കഴക്കൂട്ടം കടമ്പാട്ടുക്കോണം ദേശീയപാതയെ വികസിപ്പിക്കുന്നതിന് എലിവേറ്റഡ് ഹൈവേയ്ക്ക് പകരം ഏറെ നിലവിലെ സ്ഥലങ്ങൾ മതിലുകൾ കെട്ടുപോലെ മണ്ണിട്ട് ഉയർത്തി പാതയൊരുക്കുന്നതിനെതിരെ കഴക്കൂട്ടം – പള്ളിപ്പുറം പ്രദേശവാസികൾ ആക്ഷൻ കൗൺസിൽ രൂപീകരിക്കുന്നു.
ദീർഘദൂര യാത്രയൊരുക്കാൻ ഈ അശാസ്ത്രീയമായ മതിൽകെട്ട് വെള്ളകെട്ടിന് ഇടയാക്കുക മാത്രമല്ല റോഡിന്റെ ഇരുവശത്തുള്ളവരുടെ സഞ്ചാര സ്വാതന്ത്ര്യം കൂടി ഇല്ലാതാക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ, വ്യാപാരികൾ, വാണിജ്യ വ്യവസായ സ്ഥാപനങ്ങൾ പ്രതിനിധികൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സാംസ്ക്കാരിക നായകൻമാരും ഉൾപ്പടുത്തിയാണ് ആക്ഷൻ കൗൺസിലിന് രൂപം നൽകാൻ തീരുമാനിച്ചത്.
നവംബർ 5ന് വൈകുന്നേരം 5 മണിക്ക് രാഗം ആഡിറ്റോറിയത്തിൽ വച്ചാണ് യോഗം. ഏറെ ജനസാന്ദ്രതയുള്ള പ്രദേശത്ത് ഐ.ടി. പാർക്കുകളും, വ്യവസായ സ്ഥാപനങ്ങളും, ഓഫീസുകളും നിരവധി ഫ്ളാറ്റ് സമുച്ചയങ്ങളും, വിദ്യാലയങ്ങളും, ആരാധനാലയങ്ങളും, വ്യാപാര സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നുണ്ട്. ഇതൊന്നു പരിഗണിക്കാതെ കോട്ട മതിലുപോലെ കെട്ടിയുയർത്തുന്നത് ജനങ്ങളോടുള്ള കടുത്ത ദ്രോഹ നടപടിയാണ് നാട്ടുകാർ പറഞ്ഞു