കോട്ടയം: ലൈഫ് പദ്ധതിയെ തകർക്കാൻ ദുഷ്ട മനസുള്ളവർ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം ദുഷ്ടമനസുകള്‍ക്ക് സ്വാധീനിക്കാന്‍ പറ്റുന്നവരായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മാറിയെന്നും എന്നാൽ സർക്കാർ ഇത് വകവയ്ക്കാതെ മുന്നോട്ട് പോകുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 2021 കൂട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സിപിഎം ജില്ലാ കമ്മിറ്റി നിര്‍മിച്ച 25 വീടുകളുടെ താക്കോല്‍ കൈമാറുന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം ദുഷ്ട മനസുള്ളവർ മറ്റ് ഉദ്ദേശങ്ങളോടെ ഈ പദ്ധതിക്കെതിരെ പരാതിയുമായി ചെന്നു. എന്നാൽ ഇവർക്ക് ആർക്കും ഇതിനെതിരെ ഒന്നും ചെയ്യാനായില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനിയും വീടുകൾ ഇല്ലാത്തവർക്ക് വീട് നൽകാനാണ് സർക്കാർ തീരുമാനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കൂടാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കുറ്റപ്പെടുത്തിയും മുഖ്യമന്ത്രി സംസാരിച്ചു. കേരളത്തെ ഏതെല്ലാം നിലയിൽ ഞെരുക്കാൻ പറ്റുമെന്നാണ് കേന്ദ്രം നോക്കുന്നത്. ഗവർണർക്കെതിരെ സംസാരിക്കാൻ യുഡിഎഫോ ബിജെപിയോ തയാറാകുന്നില്ലെന്നും കർഷകരുടെ പ്രശ്നപരിഹാരത്തിനുള്ള നിയമം പോലും ഗവർണർ ഒപ്പിടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.