ഡൽഹി: കഴിഞ്ഞ ദിവസങ്ങളിലെ ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ ഡൽഹിയിലെ വായു മലിനീകരണ തോത് വർധിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച്ച വായു മലിനീകരണതോത് കുറഞ്ഞിരുന്നു. കഴിഞ്ഞാഴ്ച പെയ്ത മഴയിലാണ് മലിനീകരണതോത് കുറഞ്ഞത്. എയര്‍ ക്വാളിറ്റി മോണിറ്ററിങ് ഏജന്‍സിയുടെ കണക്കുപ്രകാരം ദീപാവലിക്ക് മുൻപുള്ള ദിവസത്തെ ശരാശരി വായുനിലവാരസൂചിക 218 ആയിരുന്നു. എന്നാൽ ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥിതി വീണ്ടും മോശമായി.
പലയിടങ്ങളിലും കനത്ത പുകമഞ്ഞ് അനുഭവപ്പെടുകയാണ്. മിക്കയിടങ്ങളിലും വായു ഗുണനിലവാര സൂചിക 500-ന് മുകളിലാണ്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും വൻ തോതിൽ പടക്കം പൊട്ടിച്ചതാണ് വായുഗുണനിലവാരം മോശമാകാൻ കാരണം. നഗരത്തില്‍ മലിനീകരണതോത് ഏറ്റവും കൂടിയ പ്രദേശങ്ങളിലൊന്നായ ആനന്ദ് വിഹാറില്‍ വായുനിലവാര സൂചിക 849 വരെയെത്തി.