കഴക്കൂട്ടം സർക്കാർ വനിത ഐ. ടി.ഐയിൽ പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ശിലാസ്ഥാപനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. നേട്ടങ്ങളും ഭാവി പദ്ധതികളുമായി കഴക്കൂട്ടം ഐ.ടി.ഐ സ്ത്രീകളുടെ പരിവർത്തന ശക്തിയുടെ തെളിവായി നിലകൊള്ളുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
14 ട്രേഡുകളിലായി 700 ഓളം വിദ്യാർത്ഥിനികൾ മികവ് പുലർത്തുന്ന കഴക്കൂട്ടം ഐ.ടി.ഐ വൈദഗ്ധ്യവും അറിവും പരിപോഷിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത തെളിയിച്ചിട്ടുണ്ടെന്നും സ്ഥാപനത്തിന്റെ ഐഎസ്ഒ സർട്ടിഫിക്കേഷൻ നേട്ടം വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് വ്യക്തമാക്കുന്നതാണെന്നും മന്ത്രി കൂട്ടിചേർത്തു.
വ്യാവസായിക പരിശീലന വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 12 കോടി രൂപയാണ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ നിർമാണത്തിനായി വിനിയോഗിക്കുന്നത്. 1,436 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ ഗ്രൗണ്ട് ഫ്ലോറും,1,332 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഒന്നാം നിലയും 1,306 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള രണ്ടാം നിലയും ഉൾപ്പെടെ ആകെ 4,074 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് കെട്ടിടം നിർമിക്കുന്നത്.
ഗ്രൗണ്ട് ഫ്ലോറിൽ എട്ട് ക്ലാസ് മുറികൾ, ലൈബ്രറി, ഓഫീസ് മുറി, ഡൈനിങ് ഹാൾ,സന്ദർശകരുടെ വിശ്രമമുറി,സ്റ്റാഫ് റൂമുകൾ, ശുചിമുറികൾ എന്നിവയും, ഒന്നാം നിലയിൽ മൂന്ന് ക്ലാസ് മുറികൾ, മൂന്നു പ്രാക്ടിക്കൽ ഹാളുകൾ, ഓഫീസ് മുറികൾ, ശുചിമുറികളും, രണ്ടാം നിലയിൽ നാല് ക്ലാസ് മുറികൾ,നാല് പ്രാക്ടിക്കൽ ഹാളുകൾ,കോൺഫറൻസ് ഹാൾ, വിദ്യാർത്ഥികൾക്കുള്ള ആക്ടിവിറ്റി ഏരിയ, സ്റ്റോർ റും, ശുചിമുറികൾ, കൂടാതെ ലിഫ്റ്റ് സൗകര്യവുമാണ് പ്ലാനിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷനായ ചടങ്ങിൽ കഴക്കൂട്ടം വാർഡ് കൗൺസിലർ കവിത.എൽ.എസ്, അഡീഷണൽ ഡയറക്ടർ ഓഫ് ട്രെയിനിങ് കെ.പി ശിവശങ്കരൻ, പ്രിൻസിപ്പാൾ എസ്. വി അനിൽ കുമാർ, അധ്യാപകർ, ട്രെയിനികൾ എന്നിവർ സന്നിഹിതരായി.