പത്തനംതിട്ട: ശബരിമല നട നാളെ തുറക്കും. ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി അധികൃതർ അറിയിച്ചു.എല്ലാ തീർത്ഥാടകർക്കും സുഗമവും സുരക്ഷിതവുമായ സൗകര്യങ്ങൾ ഒരുക്കിയതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.
17 ന് വൃശ്ചികം ഒന്നു മുതൽ പുതിയ മേൽശാന്തിമാരാണ് നട തുറക്കുന്നത്. നവംബർ 17 മുതൽ ജനുവരി 14 വരെയാണ് ഈ വർഷത്തെ മണ്ഡല മകരവിളക്ക് ഉത്സവം. ഇത്തവണയും വെർച്ച്വൽ ബുക്കിങ് മുഖേന മാത്രമാണ് തീർത്ഥാടകർക്ക് ദർശനം നടത്താനാകുക. ഇതോടപ്പം തിരക്ക് നിയന്ത്രിക്കാൻ നിലയ്ക്കൽ മുതൽ മുതൽ സന്നിധാനം വരെ ആധുനിക സംവിധാനങ്ങൾ ദേവസ്വം ബോർഡ് സജ്ജമാക്കിയിട്ടുണ്ട്.
കൂടാതെ മുൻ വർഷം ആരംഭിച്ച ഇ- കാണിക്ക കൂടുതൽ സമഗ്രമാക്കിയിട്ടുണ്ട്. പ്രധാന ഇടത്താവളങ്ങളായ എരുമേലി, ചെങ്ങന്നൂർ, കുമളി, ഏറ്റുമാനൂർ , പുനലൂർ എന്നിവിടങ്ങളിലെല്ലാം വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഒരുക്കങ്ങൾ പൂർത്തിയാക്കി.
മാത്രമല്ല ശബരിമല തീർഥാടകർക്കായി ഭക്ഷണശാലകൾക്കുള്ള വില വിവര പട്ടിക പ്രസിദ്ധീകരിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജി. നിർമ്മൽകുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് ഭാരവാഹികളുടെ യോഗത്തിലായിരുന്നു തീരുമാനം. ശബരിമല തീർഥാടകരിൽ നിന്ന് നിശ്ചയിച്ച വിലയേക്കാൾ അധിക വില ഈടാക്കുന്ന ഹോട്ടലുകൾക്കെതിരേ കർശന നടപടി സ്വീകരിക്കും.പമ്പയിലേക്കുള്ള ജലവിതരണം സുഗമമാക്കാൻ കക്കിയാറിൽ താൽക്കാലിക തടയണ നിർമ്മിച്ചിട്ടുണ്ട്. വനത്തിലൂടെയുള്ള പരമ്പരാഗത പാതകളും വൃത്തിയാക്കിയിട്ടുണ്ട്.