ചെന്നൈ : കനത്ത മഴയിൽ ചെന്നൈയും തമിഴ്നാടിന്‍റെ തീരദേശ ജില്ലകളും ദുരിതത്തിൽ. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മിചൗങ് ചുഴലിക്കാറ്റ് തീരത്തേക്കു നീങ്ങുന്നതിനിടെ പെയ്ത കനത്ത മഴയാണ് തമിഴ്നാടിനെ ദുരിതത്തിലാക്കിയത്. ചെന്നൈയിൽ ഇതുവരെ 4 പേരാണ് മഴക്കെടുതിയിൽ മരിച്ചത്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ചെന്നൈയിൽ വിമാന, ട്രെയ്‌ൻ, റോഡ് ഗതാഗതം സ്തംഭിച്ചു.
മിഗ്ജൗമ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായതോടെ തമിഴ്നാട്ടിലും ആന്ധ്രയിലും അതീവജാഗ്രതാ നിര്‍ദ്ദേശം തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി. നിരവധി വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. നിരവധി കാറുകളും ബൈക്കുകളും ഒഴുകിപ്പോയി.
അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് ചെന്നൈയില്‍ മുന്നറിയിപ്പ്. തീവ്രമഴ മുന്നറിയിപ്പ് വന്നതോടെ ചെന്നൈ, തിരുവള്ളൂര്‍ , കാഞ്ചീപുരം, ചെങ്കൽപ്പേട്ട് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു.