തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് സെൽ തിരുവനന്തപുരം നഗരസഭാ മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡെലിഗേറ്റുകൾ പൂർണ തൃപ്തിയോടെ ഒരുമിച്ച് പ്രവർത്തിക്കുന്നതാണ് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മുന്നേറ്റത്തിന് കാരണമെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.
ചലച്ചിത്ര മേളയെ ഏറ്റവും മികച്ചതാക്കാനാണ് ചലച്ചിത്ര അക്കാദമി ശ്രമിക്കുന്നത്. യുദ്ധത്തിനെതിരായ കേരളത്തിന്റെ നിലപാട് വ്യക്തമാക്കുന്നതാവും ഇത്തവണത്തെ ചലച്ചിത്ര മേളയെന്നും ആര്യ രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര താരം വിൻസി അലോഷ്യസിന് സംവിധായകൻ ശ്യാമ പ്രസാദ് ആദ്യ പാസ്സ് നൽകി.
അടുത്തൊരു പുരസ്‌കാരം ലഭിക്കുന്ന അനുഭവമാണ് ആദ്യ ഡെലിഗേറ്റ് പാസ്സ് കിട്ടിയപ്പോൾ ഉണ്ടായതെന്ന് ചലച്ചിത്ര നടി വിൻസി അലോഷ്യസ് പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, ക്യുറേറ്റർ ഗോൾഡ സെല്ലാം തുടങ്ങിയവർ പങ്കെടുത്തു.