കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ ടെർമിനൽ സ്റ്റേഷൻ ആയ തൃപ്പൂണിത്തുറ സ്റ്റേഷനിലേക്ക് മെട്രോ പരീക്ഷണ ഓട്ടം ആരംഭിച്ചു. വേഗത കുറച്ച് , ഭാരം കയറ്റാതെയാണ് എസ് എൻ ജംഗ്ഷൻ – തൃപ്പൂണിത്തുറ മേഖലയിലെ ആദ്യ ഘട്ട പരീക്ഷണ ഓട്ടം നടത്തിയത്. സിഗ്നൽ സംവിധാനങ്ങളിലെ കൃത്യത ഉൾപ്പെടെ ഉറപ്പുവരുത്തുന്നതിനായി ഈ മേഖലയിലെ ആദ്യ ട്രയൽ റൺ സഹായകരമായെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്.
വരും ദിവസങ്ങളിലും ഈ മേഖലയിൽ പരീക്ഷണയോട്ടം തുടരും. തൃപ്പൂണിത്തുറയിൽ നിന്ന് മറ്റ് മേഖലകളിലേക്ക് ഭാവിയിൽ മെട്രോ ലൈൻ ദീർഘിപ്പിക്കാൻ സാധിക്കുന്ന തരത്തിലാണ് തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനും പ്ലാറ്ഫോമും നിർമ്മിച്ചിരിക്കുന്നത്. മൂന്ന് പ്ലാറ്റ്ഫോമും മൂന്ന് ട്രാക്കുകളുമാണ് തൃപ്പൂണിത്തുറ സ്റ്റേഷനിൽ ഒരുക്കിയിരിക്കുന്നതെന്നും പി രാജീവ് പറഞ്ഞു.